ADVERTISEMENT

‘ഡിസിസി ഓഫിസിലെ ഫോണിൽ നിന്ന് ദിവസവും രാവിലെയും വൈകിട്ടും കൃത്യമായി ഉമ്മ മറിയുമ്മയ്ക്ക് കോൾ വരും. പിതാവായിരിക്കും മറുതലയ്ക്കൽ. വീട്ടിലെ വിശേഷങ്ങളും മക്കൾ ഞങ്ങളുടെ കാര്യങ്ങളും അന്വേഷിച്ചുള്ള വിളിയാണ്. അന്നത്തെ കാലത്ത് ഡിസിസി ഓഫിസ് തന്നെയാണ് അദ്ദേഹത്തിന്റെ വീട്.  തിരക്കു കാരണം സ്വന്തം അനിയന്റെ കല്യാണത്തിനു പോലും നിക്കാഹ് കഴിഞ്ഞിട്ടാണ് എത്താനായത്. യോഗങ്ങളും സമ്മേളനങ്ങളുമൊക്കെ കഴിഞ്ഞു ചില ദിവസങ്ങളിൽ അദ്ദേഹം വീട്ടിലേക്കു വരും.

ഞങ്ങളെ കണ്ടാൽ ‘ആഹാ തടിയൊക്കെ നന്നായല്ലോ’ എന്നു പറഞ്ഞ് ഒരു അഞ്ചുരൂപ പോക്കറ്റിലിട്ടു തരും. സ്കൂളിൽ പഠിക്കുന്ന കാലമല്ലേ, അഞ്ചു രൂപ എന്നൊക്കെ പറഞ്ഞാൽ അതൊരു കിട്ടലാണ്.  സ്നേഹനിധിയായ പിതാവായിരുന്നെങ്കിലും ഒരിക്കലും അതു പുറത്തു കാണിക്കാറില്ലായിരുന്നു. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ പേരക്കുട്ടികളാണ് ഭാഗ്യവാന്മാർ എന്നെനിക്കു തോന്നിയിട്ടുണ്ട്. രക്ഷിതാക്കളായ ഞങ്ങളോടു പറയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ അവർ പറയാറുള്ളത് വല്യുപ്പയോടാണ്. അവർക്ക് കിട്ടിയ ഇന്റേണൽ മാർക്ക് എത്രയാണെന്നുവരെ അദ്ദേഹത്തിനറിയാം.  

മാതൃകയായ നേതാവ്

∙  ഒരാളെക്കുറിച്ച് കുറ്റം പറയുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. ജില്ലയിലെ ഓരോ കോൺഗ്രസ് പ്രവർത്തകനെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെങ്കിലും എന്തെങ്കിലുമൊരു പ്രവർത്തകനെതിരെ പറഞ്ഞാൽ  അതിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ അദ്ദേഹത്തിനു കഴിയും. പലരും അദ്ദേഹത്തോടു പല കാര്യങ്ങൾ പറയും.

പക്ഷേ, ഒരിക്കലും അത് അദ്ദേഹം മറ്റൊരാളോടു പറയില്ല. എന്തു കാര്യവും അദ്ദേഹത്തോടു തുറന്നു പറയാം എന്ന ചിന്ത അണികൾക്കു ലഭിച്ചത് അങ്ങനെയാണ്.   അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദത്തിനിടയാക്കിയിരുന്നു. പക്ഷേ, അതിലൊന്നും ഒരു കുലുക്കവും ഉണ്ടായിട്ടില്ല പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യും. 

മതനിരപേക്ഷത

∙ ‘പാഠം ഒന്ന് ഒരു വിലാപം ’ എന്ന സിനിമയൊക്കെ എടുക്കാനുള്ള ധൈര്യം തന്നത് പിതാവിന്റെ മതനിരപേക്ഷ നിലപാടാണ്. സിനിമയുടെ കഥ അദ്ദേഹത്തോടു ചർച്ച ചെയ്തിരുന്നു. പുസ്തക വായനയായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഒരു പുസ്തകം വായിച്ചു കഴിഞ്ഞാൽ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെന്നും ഓർമയിൽ ഉണ്ടായിരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴി രസകരമാണ്. ആരെ കിട്ടിയാലും അവരെ പിടിച്ചിരുത്തി ആ പുസ്തകത്തെക്കുറിച്ച് ദീർഘമായി സംസാരിക്കും. അതോടെ ആ പുസ്തകത്തിലെ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ റെക്കോർഡ് ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും.  ക്രിക്കറ്റും ഫുട്ബോളുമാണ് മറ്റ് ഇഷ്ടങ്ങൾ. 

രാഷ്ട്രീയം ഉപജീവന മാർഗമല്ല

∙ രാഷ്ട്രീയം ഉപജീവന മാർഗമല്ല എന്നതാണ് എനിക്ക് അദ്ദേഹം തന്ന ഉപദേശം.  ഞാൻ രാഷ്ട്രീയത്തിലേക്കെത്തി. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമാനുമൊക്കെ ആയതിനു ശേഷമാണ് രാഷ്ട്രീയക്കാരനെന്ന നിലയിൽ അദ്ദേഹമെന്നെ അംഗീകരിച്ചു തുടങ്ങിയത്. ശക്തമായ തൊഴിലാളിപക്ഷമുള്ള നേതാവായിരുന്നു. തൊഴിൽനിയമങ്ങളെക്കുറിച്ച് അഗാധമായ അറിവും നേടിയിരുന്നു. ആര്യാടൻ കൂടെയുണ്ടെങ്കിൽ വിജയം തങ്ങളുടെ പക്ഷത്താകുമെന്ന വിശ്വാസം തൊഴിലാളികൾക്ക് പണ്ടുമുതലേയുണ്ട്.

കോൺഗ്രസ് തിരിച്ചുവരും

∙ അവസാനമായി ഞാൻ പിതാവുമായി ദീർഘസംഭാഷണത്തിലേർപ്പെട്ടപ്പോഴും വിഷയമായത് രാഷ്ട്രീയം തന്നെ. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മികച്ച തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട കാര്യമൊക്കെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞ പ്രധാനകാര്യം ഇതായിരുന്നു. ആരൊക്കെ പോയാലും കോൺഗ്രസ് പാർട്ടിയുടെ അടിത്തറയിളക്കാനാകില്ല. ഉദാഹരണങ്ങൾ സഹിതമാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്. എത്രയൊക്കെ തിരിച്ചടി നേരിട്ടാലും തിരിച്ചുവരാനുള്ള കഴിവ് കോൺഗ്രസിനുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com