ADVERTISEMENT

മലപ്പുറം ∙ കരിപ്പൂർ വിമാനത്താവള വികസനത്തിനു തടസ്സമാകുന്നത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിസ്സാര തർക്കം. ഇരു വിഭാഗവും സ്വന്തം നിലപാടുകൾ ആവർത്തിക്കുമ്പോൾ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളും സജീവമാകുന്നു. റൺവേ വികസനത്തിനായി 14.5 ഏക്കർ ഭൂമിയേറ്റെടുത്ത് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥലം ഏറ്റെടുത്തു നൽകാൻ സർക്കാർ തയാറാണ്. എന്നാൽ, റൺവേക്കു സമമായി ഇതു നിരപ്പാക്കി നൽകണമെന്ന ആവശ്യം കൂടി കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നാണു സംസ്ഥാന നിലപാട്.  സ്ഥലം ഏറ്റെടുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. 

ഇതിനായി തിരക്കിട്ട നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, സർവേയുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കണമെങ്കിൽ 50 ലക്ഷം കണ്ടിൻജൻസി ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണം. ഇത് ഇതുവരെയുണ്ടായിട്ടില്ല. കണ്ടിൻജൻസി ഫണ്ട് പ്രശ്നമല്ലെന്നും എപ്പോൾ വേണമെങ്കിലും അനുവദിക്കാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 

നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തീരുമാനമാകുന്നതിനു കാത്തുനിൽക്കാതെ ഭൂമിയേറ്റെടുക്കൽ നടപടിക്കു സംസ്ഥാനം വേഗം കൂട്ടണമെന്നാണു ജനപ്രതിനിധികളുടെയും വിമാനത്താവളത്തെ ആശ്രയിക്കന്നവരുടെയും ആവശ്യം. 

വികസന സമിതി യോഗത്തിൽ ബഹളം

മലപ്പുറം∙ വികസനം വൈകുന്നതുമായി ബന്ധപ്പെട്ടു ജില്ലാ വികസന സമിതി യോഗത്തിൽ ബഹളം. ടി.വി.ഇബ്രാഹിം എംഎൽഎയാണു വിഷയം യോഗത്തിൽ ഉന്നയിച്ചത്. വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി.അബ്ദുൽ ഹമീദ് എംഎൽഎയും പ്രതിഷേധം അറിയിച്ചു.

കേന്ദ്രമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സമദാനി 

മലപ്പുറം∙ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ തേടി എം.പി.അബ്ദുസ്സമദ് സമദാനി എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഇ മെയിൽ സന്ദേശമയച്ചു. വ്യക്തിപരമായി പ്രശ്നത്തിലിടപെട്ട് നടപടിയെടുക്കണമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ  സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു. 

അനാവശ്യ ധൃതി ദുരുദ്ദേശ്യപരം: എം.കെ.രാഘവൻ

കരിപ്പൂർ∙ വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കാൻ എയർപോർട്ട് അതോറിറ്റി കാണിക്കുന്ന അനാവശ്യ ധൃതി ദുരുദ്ദേശ്യപരമെന്നു എംകെ.രാഘവൻ എംപി. ഭൂമിയേറ്റെടുക്കൽ നടപടി  വൈകിക്കുന്ന സംസ്ഥാന സർക്കാരും റൺവേ നീളം കുറക്കാൻ ധൃതി കൂട്ടുന്ന കേന്ദ്ര സർക്കാരും സ്വകാര്യ വിമാനത്താവളങ്ങൾക്കു വേണ്ടി കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ ശ്രമിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com