ADVERTISEMENT

മലപ്പുറം∙മൈതാനത്ത് വ്യാകരണങ്ങൾക്കു വഴങ്ങാത്ത താരമായിരുന്നു മറഡോണ. ഫുട്ബോളിന്റെ സിലബസിനു പുറത്തേക്കു നിരന്തരം പന്തടിച്ചയാൾ. ആ അർഥത്തിൽ കേരളത്തിലെ വ്യവസായികൾക്കിടയിലെ ‘മറഡോണയാണ്’ ബോബി ചെമ്മണൂർ. സ്വന്തം വഴികൾ നിർമിച്ചു ചട്ടക്കൂടിനു പുറത്തുകടന്നയാൾ . മറഡോണയും ബോബിയും അടുത്ത സുഹൃത്തുക്കളായതിനു പിന്നിലെ രസതന്ത്രവും ഈ സാമ്യമാകാം. മറഡോണയോടുള്ള ബോബിയുടെ ഇഷ്ടത്തിന് എപ്പോഴും 24 കാരറ്റിന്റെ തിളക്കമുണ്ട്. അതുകൊണ്ടാണ്, ഖത്തറിലേക്ക് മറഡോണയുടെ സ്വർണ ശിൽപവുമായി യാത്ര തിരിക്കുന്നത്. ലഹരിക്കെതിരായ സന്ദേശം കൂടി ഉൾപ്പെടുത്തിയുള്ള യാത്ര മലപ്പുറത്തെത്തിയപ്പോൾ ആരാധകരുടെ സ്വന്തം ബോചെ മനോരമയോട് ഫുട്ബോൾ വിശഷങ്ങൾ പങ്കുവയ്ക്കുന്നു.

ഇഷ്ട ടീം ?‍, കാരണം ?

അർജന്റീന. മറഡോണയോടുള്ള ആരാധനയാണ് അർജന്റീനയോടുള്ള ഇഷ്ടത്തിനു പിന്നിൽ.

ഇഷ്ട താരം ?

മറഡോണ തന്നെ. അഞ്ചും ആറും കളിക്കാരെ ഡ്രിബിൾ ചെയ്തു പോകുന്ന മറഡോണ മാജിക് മറ്റൊരു താരത്തിലും ഞാൻ കണ്ടിട്ടില്ല. ഫൗൾ ചെയ്യപ്പെട്ടാൽ എത്ര പരുക്കുണ്ടെങ്കിലും ചാടിയെണീറ്റ് അദ്ദേഹം കളി തുടങ്ങും. പരുക്ക് അഭിനയിക്കുന്ന പരിപാടിയൊന്നുമില്ല. കളിയോടും ടീമിനോടും നൂറു ശതമാനം ആത്മാർഥതയുള്ള താരമായിരുന്നു അദ്ദേഹം.

ഖത്തറിൽ കളിക്കുന്ന താരങ്ങളിൽ ആരോടാണ് ഇഷ്ടം?

ഫ്രാൻസിന്റെ എംബപെ. താരത്തിന്റെ അതിവേഗമാണ് എന്റെ ആകർഷിച്ചത്. അത്ര സ്പീഡിൽ മറ്റൊരു താരത്തിനും ഓടാനാകില്ല. പന്തു കിട്ടിയാൽ മറ്റാർക്കും പിടിക്കാനാവാത്ത തരത്തിൽ അദ്ദേഹം കുതിക്കും.

മറഡോണയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നതെന്ത് ?

സത്യസന്ധനായ, കുട്ടികളുടെ മനസ്സുള്ള, നുണ പറയാനാകാത്ത ഒരാളാണ് എന്റെ മനസ്സിലെ മറഡോണ. ദുബായിൽ വച്ച് അദ്ദേഹത്തിന് ഞാനൊരു സ്വർണ ഫുട്ബോൾ സമ്മാനിച്ചു. ഇത് വേണ്ട. ‘ദൈവത്തിന്റെ കൈ’ ആയി ലോകം കൊണ്ടാടുന്ന സ്വന്തം കൈയുടെ സ്വർണ ശിൽപം ഉണ്ടാക്കാനാകുമോയെന്നു ചോദിച്ചു. അന്ന് ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അതൊരു ഒസ്യത്ത് പോലെയായി. ആ കുറ്റബോധത്തിൽ നിന്നാണ് ഞാൻ ഗോൾഡൻ സ്റ്റാച്യൂവുമായി ഖത്തറിലേക്കു പോകാൻ തീരുമാനിച്ചത്.

മറഡോണയുമൊത്തുള്ള മറക്കാനാകാത്ത ഓർമ ?

ഓർമകൾ ഒരുപാടുണ്ട്. ഒരിക്കൽ അദ്ദേഹം കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞതു മറക്കാനാകില്ല. അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. ്‘ബോബി, എന്റെ കരിയർ നശിച്ചു. ലഹരി മരുന്ന് കാരണമാണു ഞാൻ നശിച്ചത്’. റഷ്യയിലെ ഡയമൻഡ് വ്യാപാര ലോബികളാണു തന്നെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോൾ ജീവിതവും സമ്പത്തുമെല്ലാം നശിച്ചത് ലഹരി ഉപയോഗം കൊണ്ടാണെന്ന കുറ്റബോധം അദ്ദേഹത്തിനുണ്ടായിരുന്നു.

ജീവിതത്തിലെ അവസാന കാലത്ത് അദ്ദേഹം ഡ്രഗ്സ് പൂർണമായി ഉപേക്ഷിച്ചിരുന്നു.കണ്ണൂരിൽ ജ്വല്ലറി ഉദ്ഘാടനത്തിനായി വന്നപ്പോഴുള്ളതാണ് മറ്റൊരു ഓർമ. ഉദ്ഘാടന സമയമായിട്ടും അദ്ദേഹം നല്ല ഉറക്കമായിരുന്നു. സമയം വൈകിയതിനാൽ ഞാൻ വിളിച്ചു. ദേഷ്യപ്പെട്ട് അദ്ദേഹം കുപ്പിയും തലയണയും എനിക്കു നേരെ എറിഞ്ഞു. കുറച്ചു സമയത്തിനകം എന്റെ അരികിൽ വന്നു കെട്ടിപ്പിടിച്ച് ചോക്കലറ്റ് തന്നാണ് അദ്ദേഹം സമാധാനിപ്പിച്ചത്. കുട്ടികളുടെ മനസ്സായിരുന്നു മറഡോണയ്ക്ക്.

കണ്ടതിൽ വച്ച് ഓർമയിൽ തങ്ങി നിൽക്കുന്ന ലോകകപ്പ് മത്സരം?

1986 മെക്സിക്കോ ലോകകപ്പിലെ ഇംഗ്ലണ്ട്– അർജന്റീന ക്വാർട്ടർ ഫൈനൽ മത്സരം. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഈ മത്സരമായിരുന്നുവെന്നു മറഡോണ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോൾ ടീമിനെക്കുറിച്ചുള്ള സ്വപ്നം?

140 കോടി ജനങ്ങളിൽ നിന്ന് ലോകകപ്പ് കളിക്കാവുന്ന 11 അംഗ ടീമിനെ കണ്ടെത്താൻ കഴിയാത്തതു നാണക്കേടു തന്നെയാണ്. മറഡോണയുമായി ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അക്കാദമിയിലെ വിദഗ്ധരായ പരിശീലകരെ എത്തിച്ച് താരങ്ങളെ പരിശീലിപ്പിക്കുകയെന്ന പദ്ധതിയുമുണ്ടായിരുന്നു. അത് നടപ്പാകുന്നതിനു മുൻപേ അദ്ദേഹം പോയി. ലഹരിക്കെതിരെ ഫുട്ബോൾ ലഹരിയെന്ന സന്ദേശത്തിനൊപ്പം അടുത്ത ലോകകപ്പിലെങ്കിലും ഇന്ത്യൻ ടീം കളിക്കുകയെന്ന സ്വപ്നം കൂടിയാണ് ഈ യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com