മഞ്ചേരി∙ ലോകകപ്പ് ഫുട്ബോൾ ദൃശ്യവിസ്മയമാക്കാൻ ജില്ലയിൽ ഇതാദ്യമായി ഫാൻ പാർക്ക് ഒരുങ്ങി. മേലാക്കം കെപിഎം അറീനയിലാണ് കുടുംബത്തോടൊപ്പം കളി കാണാൻ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി പാർക്ക് സജ്ജമാക്കിയത്.
വിദേശരാജ്യങ്ങളിലെ ഫാൻ പാർക്ക് സംവിധാനം പരിചയപ്പെടുത്തുകയും സ്റ്റേഡിയത്തിന്റെ ആരവത്തിൽ കളി വീക്ഷിക്കാൻ സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. അൾട്രാ എച്ച്ഡി ക്വാളിറ്റിയിൽ ബിഗ് സ്ക്രീൻ, ഗാലറി, വിവിഐപി സോഫ, വിഐപി ചെയർ, നോർമൽ ചെയർ എന്നിവ സജ്ജമാക്കി. 1500 പേർക്ക് കളി കാണാൻ കഴിയും. മത്സരത്തിന് ആവേശം പകരാൻ ഫുഡ് കോർട്ട്, സെൽഫി കോർണർ, പ്രവചനമത്സരം, ക്വിസ് മത്സരം, മ്യൂസിക്കൽ ഇവന്റ്സ് എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇന്നു രാത്രി 7ന് നഗരസഭാധ്യക്ഷ വി.എം.സുബൈദ ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം പ്രവേശനം സൗജന്യമാണ്. നയാഗ്ര ഇവന്റ്സ് കെവിആറുമായി സഹകരിച്ചാണു പദ്ധതിയെന്ന് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പി.ഷംസുദ്ദീൻ, ശരത്ത്, വിനീഷ് മൂസ, കെ.സുനിൽ, കെ.വി.അനീസ് എന്നിവർ പറഞ്ഞു.