നിലമ്പൂർ ∙ യേശുക്രിസ്തുവിന്റെ തിരുപ്പിറവി - ക്രിസ്മസ് ആഘോഷിക്കാൻ ലോകമെങ്ങും ഒരുക്കം തുടങ്ങി. മുന്നൊരുക്കമായി ക്രൈസ്തവർ 25 ദിവസത്തെ നോമ്പാചരണം തുടങ്ങി. ഡിസംബർ 25 ന് ആണ് ക്രിസ്മസ്.ലോകത്തിന് സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റ ഓർമയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. മത്സ്യമാംസാദികൾ വെടിഞ്ഞും ഭക്ഷണത്തിൽ മിതത്വം പാലിച്ചും ആണ് നോമ്പാചരണം. പുണ്യാനുഷ്ടാനങ്ങളും ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർഥനകളും നടത്തും.
തിരുപ്പിറവിയറിഞ്ഞ് ഉണ്ണിയേശുവിനെ കണ്ട് ആരാധിക്കാൻ കിഴക്കുനിന്നെത്തിയ രാജാക്കന്മാർക്ക് നക്ഷത്രം വഴികാട്ടിയതിനെ അനുസ്മരിച്ച് വീടുകളിൽ നക്ഷത്രവിളക്കുകൾ തൂക്കും. പുൽക്കൂട്, അലങ്കരിച്ച ക്രിസ്മസ് ട്രീ, കേക്കുകൾ, ശാന്തി സംഗീതം ആലപിച്ച് ഊരു ചുറ്റുന്ന കാരൾഗായക സംഘങ്ങൾ തുടങ്ങിയവ കണ്ണിനും കാതിനും കുളിർമ പകരുന്ന ക്രിസ്മസ്കാല കാഴ്ചകളാണ്.
കോവിഡ് വ്യാപനം മൂലം 2 വർഷത്തെ നിയന്ത്രണങ്ങൾക്കുശേഷമുള്ള ക്രിസ്മസിനെ വരവേൽക്കാൻ വിശ്വാസികൾക്കൊപ്പം വിപണിയും ഒരുങ്ങി. നക്ഷത്രവിളക്കുകൾ, പുൽക്കൂട് സെറ്റ്, ക്രിസ്മസ് ട്രീ എന്നിവയുടെ വിപുലമായ ശേഖരം കടകളിൽ എത്തിക്കഴിഞ്ഞു