ADVERTISEMENT

മലപ്പുറം ∙ ജില്ലാ പഞ്ചായത്ത് പിങ്ക് ടെക്നിഷ്യൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ വനിതകളില്ല. ജില്ലാ പഞ്ചായത്തും കുടുംബശ്രീ വഴിയും പഞ്ചായത്ത് വഴിയും അപേക്ഷ ക്ഷണിച്ചിട്ടും 52 വനിതകൾ മാത്രമാണ് അപേക്ഷ നൽകിയത്. വനിതകൾക്കു മാത്രമായി ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്, ഇലക്ട്രിക് വയറിങ്, പ്ലമിങ് ജോലികളിൽ വിദഗ്ധ പരിശീലനം നൽകി തുടർന്ന് തൊഴിലും നൽകുന്ന പദ്ധതിയാണ് ‘പിങ്ക് ടെക്നിഷ്യൻ’.

18നും 40നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി യോഗ്യതയുള്ള 1200 യുവതികളെ തിരഞ്ഞെടുത്തു പരിശീലനം നൽകാനായിരുന്നു ജില്ലാ പഞ്ചായത്ത് പദ്ധതി വച്ചിരുന്നത്. അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ വനിതകൾക്കു മാത്രമായ പദ്ധതി വനിതകൾക്കും ജനറൽ വിഭാഗത്തിനുമായി രണ്ടു പദ്ധതിയാക്കി മാറ്റാൻ യോഗം തീരുമാനിച്ചു. ജനറൽ വിഭാഗത്തിലാക്കിയാൽ പദ്ധതിയിലേക്കു പുരുഷൻമാർക്കും അപേക്ഷിക്കാം.

ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടില്ല

സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ജില്ലാ ടീമിനു ജഴ്സി വാങ്ങി നൽകാനായി ജില്ലാ പഞ്ചായത്തിന് ആരും പ്രപ്പോസൽ നൽകിയിട്ടില്ലെന്നും കായിക അധ്യാപകരോ, അധ്യാപകരോ സമീപിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. ജില്ലാ പഞ്ചായത്താണു ജഴ്സിക്കുള്ള തുക നൽകാറുള്ളതെന്ന വസ്തുത ശരിയല്ല. മത്സരത്തിൽ പങ്കെടുക്കാനായി ജഴ്സി വാങ്ങാനായി പദ്ധതി വയ്ക്കാൻ ജില്ലാ പഞ്ചായത്തിന് നടപടി ക്രമങ്ങൾ അനുവദിക്കുന്നില്ല.

പക്ഷേ സമീപിച്ചിരുന്നെങ്കിൽ ഏതെങ്കിലും സ്പോൺസർ വഴി ജഴ്സി വാങ്ങി നൽകാൻ ജില്ലാ പഞ്ചായത്ത് ഒരുക്കമായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.

മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷകൾ കുറവ്

പട്ടികജാതി വിദ്യാർഥികളുടെ മെറിറ്റോറിയസ് സ്കോളർഷിപ്പിന് ഇതുവരെ മൂന്നു പഞ്ചായത്തുകൾ മാത്രമാണ് അപേക്ഷ നൽകിയത്. രണ്ടു കോടി രൂപയാണു സ്കോളർഷിപ്പിന് വിഹിതമായി പഞ്ചായത്തുകൾക്കു നൽകാൻ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്. പദ്ധതിത്തുക നഷ്ടപ്പെടാതിരിക്കാൻ പഞ്ചായത്ത് ഭരണസമിതികൾ മുൻകയ്യെടുക്കണമെന്നും യോഗത്തിൽ പ്രസിഡന്റ് എം.കെ.റഫീഖ ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് നടത്തുന്ന ജോബ് ഫെയർ, നിക്ഷേപ സംഗമം തുടങ്ങിയവയ്ക്കായി കമ്മിറ്റി രൂപീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com