ADVERTISEMENT

തിരൂർ ∙ പന്തുരുളുന്നത് ഖത്തറിലാണെങ്കിലും ഹൃദയ മൈതാനിയിൽ ബൂട്ട് കെട്ടി കളം നിറഞ്ഞു കളിക്കാതെ ഒരു സ്വപ്നവും ഈ നാളുകളിൽ എനിക്കുണ്ടായിട്ടില്ല. കൂട്ടുകാരും ജനപ്രതിനിധികളുമൊക്കെ ഖത്തറിലെ സ്റ്റേഡിയങ്ങളിൽ നിന്നെടുക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ വീണ്ടും മറ്റൊരു സ്വപ്നം മനസ്സിൽ കടന്നു വരും. അതിൽ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഭിന്നശേഷി ലോഞ്ചിലിരുന്നു കളി കാണുകയാണ് ഞാൻ. സ്വപ്നങ്ങളെ താക്കോലിട്ടു പൂട്ടി വയ്ക്കാൻ ആർക്കാണ് കഴിയുക. 23 വയസ്സുവരെ നാട്ടിലെ മിക്കവാറുമെല്ലാ മൈതാനങ്ങളിലും ഞാൻ ബൂട്ട് കെട്ടി പന്തുതട്ടിയിട്ടുണ്ട്.

പക്ഷേ, ഒരു വാഹനാപകടം എന്നെ വീൽചെയറിലാക്കി. ഫുട്ബോളിനെ കാൽ വരുതിയിലാക്കാൻ പിന്നീടു സാധിച്ചിട്ടില്ലെങ്കിലും ഹൃദയത്തിന്റെ മിഡ്ഫീൽഡിൽ നങ്കൂരമിട്ടു നിൽക്കുകതന്നെയാണ് ഫുട്ബോൾ സ്നേഹം. കാലിന് ഇരുപത്തിമൂന്നാം വയസ്സിൽ നഷ്ടപ്പെട്ട ചലനശേഷിക്ക് ഫുട്ബാൾ ഇഷ്ടത്തോടുള്ള ചലനം ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. ജീവിതത്തിൽ ആദ്യമായി ഒരു സമ്മാനം നൽകിയത് ഫുട്ബാൾ ആയിരുന്നു.

2002ൽ നടന്ന ലോകകപ്പിൽ ബ്രസീൽ കപ്പ് നേടുമെന്ന് ആദ്യമേ ഒരു സ്‌പോർട്സ് മാസിക വായിച്ച് പ്രവചിച്ചു. അന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ ഉത്തരം ഭാവിയിൽ സത്യമാകുമെന്ന്.അന്നും ഇന്നും എന്റെ ഇഷ്ട ടീം ഇംഗ്ലണ്ടാണ്. പക്ഷേ, ഇത്തവണ സെനഗൽ കപ്പടിക്കണമെന്നാണ് ആഗ്രഹം. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഒരു ആഫ്രിക്കൻ ടീം കപ്പുയർത്തട്ടെ. ഘാന, സൗദി അറേബ്യ, ജപ്പാൻ, മൊറോക്കോ എന്നീ ടീമുകളെല്ലാം പോരാട്ടവീര്യംകൊണ്ട് ലോകത്തെ ഞെട്ടിച്ചു.

മാത്രമല്ല, ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ തന്റെ വശ്യമായ വാക്കുകൾ കൊണ്ട് ലോകശ്രദ്ധയെ കൈക്കുമ്പിളിലാക്കിയ ഗാനിം അൽ മുഫ്തിഹ് എന്ന വ്യക്തിയെക്കുറിച്ചു മനസ്സിലാക്കാനും സാധിച്ചു. ഭിന്നശേഷിക്കാരുടെ ജീവിത സ്വപ്നങ്ങളെക്കുറിച്ച് ഏറ്റവും അടുത്തറിയാവുന്നയാളാണ് ഞാൻ. അനുകമ്പയെയും സഹാനുഭൂതിയെക്കാളുമേറെ പ്രചോദനമാണ് ഭിന്നശേഷിക്കാർക്കു വേണ്ടത്. അതുണ്ടെങ്കിൽ അവർക്ക് എന്തും സാധ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com