പെരിന്തൽമണ്ണ ∙ മേലാറ്റൂർ–പുലാമന്തോൾ റോഡ് പ്രവൃത്തി മന്ദഗതിയിലായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. കെഎസ്‌ടിപി ഉന്നത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം.
നിശ്ചിത സമയത്ത് കരാറുകാർ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ കരാർ റദ്ദാക്കി കരാറുകാരെ തിരിച്ചയയ്‌ക്കുന്ന കാര്യമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. കെഎംസിയുമായുള്ള നിലവിലെ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ നടത്തുന്ന കാര്യം യോഗം ചർച്ച ചെയ്‌തു. വീണ്ടും ടെൻഡർ ക്ഷണിക്കുമ്പോൾ ഉണ്ടായേക്കാവുന്ന കാലതാമസം കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുമോ എന്ന കാര്യം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൂർത്തീകരിച്ച പണിയുടെ പണം ലഭിക്കാനുണ്ടെന്ന് കരാറുകാർ യോഗത്തിൽ പറഞ്ഞു.
കൃത്യമായി പണി നടക്കാത്തതിനാലും ബില്ലുകൾ സമർപ്പിക്കാത്തതിനാലുമാണ് പണം നൽകാത്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലാമന്തോൾ മുതൽ 3 കിലോമീറ്റർ തിങ്കളാഴ്ച ടാറിങ് ആരംഭിക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകി. ഇതോടൊപ്പം ശുദ്ധജല പൈപ് സ്ഥാപിക്കുന്നതിനും ബിസി വർക്കുകൾ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. നിലവിലെ കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്‌ചതന്നെ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. കെഎസ്‌ടിപി പ്രോജക്‌ട് ഡയറക്‌ടർ പ്രമോജ് ശങ്കർ, ചീഫ് എൻജിനീയർ കെ.ടി.ലിസി, കൺസൽറ്റന്റ് ജോസഫ് മാത്യു, എൻജിനീയർ കെ.എം.മനോജ്, കരാറുകാരൻ റുത്വിൻ റെഡ്ഡി, ജി.കാർത്തിക് എന്നിവർ പങ്കെടുത്തു.