തേഞ്ഞിപ്പലം ∙ ഹരിതകർമ സേനയ്ക്ക് പ്ലാസ്റ്റിക് അടക്കമുള്ള പാഴ്‌വസ്തുക്കൾ കൈമാറാത്ത വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും ചേലേമ്പ്ര പഞ്ചായത്തിൽ 6 മുതൽ സേവനത്തിന് നിരോധനം. പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ഒരു സേവനവും നൽകേണ്ടതില്ലെന്നാണ് തീരുമാനം.
പാഴ്‌വസ്തുക്കൾ ഏറ്റെടുക്കാൻ ഓരോ 2 മാസവും ഹരിത കർമസേന വീടുകളിലെത്തും.ചേലേമ്പ്ര പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണ് വീടുകളിൽ നേരത്തേ പാഴ്‌വസ്തു ശേഖരണത്തിന് കാർഡ് എത്തിച്ചത്. 9,000ൽ അധികം വീടുകൾ പഞ്ചായത്തിൽ ഉണ്ടെങ്കിലും പകുതി വീടുകളിൽ നിന്നു പോലും പാഴ്‌വസ്തുക്കൾ ഹരിതകർമ സേനയ്ക്ക് ലഭിക്കുന്നില്ല.
പാഴ്‌വസ്തുക്കൾ കൈമാറി 60 രൂപ ഫീസ് നൽകുമ്പോൾ അത് കാർഡിൽ രേഖപ്പെടുത്തി വാങ്ങണമെന്നും അത്തരം കാർഡിന്റെ പകർപ്പ് ഹാജരാക്കാത്ത ആർക്കും ഇനി പഞ്ചായത്ത്– വില്ലേജ് ഓഫിസുകളിൽ നിന്ന് ഒരു സേവനവുംനൽകേണ്ടതില്ലെന്നുമുള്ള കടുത്ത തീരുമാനത്തിലേക്ക് അധികൃതർ എത്തിയത് ഈ സാഹചര്യത്തിലാണ്.ഹരിതകർമ സേനയ്ക്ക് നൽകാതെ ചിലർ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു. മറ്റു ചിലർ ജലാശയങ്ങളിലും പൊതു സ്ഥലത്തും തള്ളുന്നുണ്ട്. ഇതിനൊന്നും കടിഞ്ഞാണിടാതെ മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതി വിജയിക്കില്ലെന്ന് ബോധ്യപ്പെട്ടതും പുതിയ തീരുമാനത്തിന് കാരണമായി.