ആയുർവേദം നൽകിയ ഊർജവുമായി പ്രതിഭാ പാട്ടീൽ ഇന്ന് മടങ്ങും

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിക്കുന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിക്കുന്നു.
SHARE

കോട്ടയ്ക്കൽ ∙ മൂന്നാഴ്ച നീണ്ട ആയുർവേദ ചികിത്സ നൽകിയ ഊർജവുമായി മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ ഇന്നു കോട്ടയ്ക്കലിൽ നിന്നു മടങ്ങും. മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയരുടെ നേതൃത്വത്തിലുള്ള വൈദ്യസംഘമാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്. നടക്കാനുള്ള പ്രയാസത്തെത്തുടർന്ന് ഡിസംബർ 15ന് ആണ് പ്രതിഭ പാട്ടീൽ ചികിത്സ തുടങ്ങിയത്. രാഷ്ട്രപതിയായിരുന്ന സമയത്ത് ഡോ. പി.ആർ.രമേഷിന്റെ മേൽനോട്ടത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഡൽഹി ആശുപത്രിയിൽ അവർ ചികിത്സയിൽ കഴിഞ്ഞിരുന്നു.

ആയുർവേദത്തിന്റെ ഈറ്റില്ലമായ കോട്ടയ്ക്കലിൽ എത്തി ചികിത്സ തേടണമെന്ന ദീർഘകാലത്തെ ആഗ്രഹമാണ് ഇത്തവണ സഫലമായത്. 10 വർഷം മുൻപ് രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിൽ നിന്നാണ് മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയത്. ‘ചികിത്സയ്ക്കു വന്നത് ഏറെ പ്രയാസത്തോടെയാണ്. ഇപ്പോൾ വളരെ മാറ്റമുണ്ട്’. അവരുടെ വാക്കുകളിൽ സന്തോഷവും സംതൃപ്തിയും നിഴലിക്കുന്നു.

വിശ്വംഭര ക്ഷേത്രാങ്കണത്തിൽ പിഎസ് വി നാട്യസംഘം അവതരിപ്പിച്ച ‘കുചേലവൃത്തം’ കഥകളി കാണാൻ ചികിത്സയ്ക്കിടെ അവരെത്തിയിരുന്നു. ചില ക്ഷേത്രങ്ങളിലും ദർശനം നടത്തി. എം.പി.അബ്ദുസ്സമദ് സമദാനി എംപി, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ,

ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി, നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ തുടങ്ങി ഒട്ടേറെ പേർ പ്രതിഭ പാട്ടീലിനെ കാണാനായി ആര്യവൈദ്യശാലയിലെത്തി. ഭർത്താവ് ഡോ. ഡി.ആർ.ഷെഖാവത്ത്, മകൻ രാജേന്ദ്രസിങ് ഷെഖാവത്ത്, മകൾ ജ്യോതി റാത്തോഡ്, മലയാളിയായ പ്രൈവറ്റ് സെക്രട്ടറി ജി.കെ.ദാസ് എന്നിവർ അവർക്കൊപ്പമുണ്ട്. ചികിത്സയ്ക്കുശേഷം പുണെയിലാണ് വിശ്രമിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS