തിരൂർ ∙ ലോകകപ്പിനു പന്തുരുണ്ടതു മുതൽ മന്ത്രി വി.അബ്ദുറഹിമാന്റെ മനസ്സ് ഖത്തറിലാണ്. ഇഷ്ട ടീമായ അർജന്റീനയുടെ കളി കാണാൻ കഴിഞ്ഞ ലോകകപ്പിൽ റഷ്യ വരെ പോയതാണ്. അയൽനാട്ടിൽ അങ്കം മുറുകുമ്പോൾ പോകാതിരിക്കുന്നതെങ്ങിനെ? 8ന് മന്ത്രി ഖത്തറിലേക്കു തിരിക്കും. പിറ്റേദിവസം അർജന്റീന– നെതർലൻഡ്സ് ക്വാർട്ടർ മത്സരം കാണാൻ സ്റ്റേഡിയത്തിൽ കേരളത്തിന്റെ കായിക മന്ത്രിയുമുണ്ടാകും.
ഇഷ്ടതാരമാരെന്ന ചോദ്യത്തിന് മന്ത്രിക്ക് അന്നും ഇന്നും ഉത്തരം ഒന്നേയുള്ളൂ–മെസ്സി. ടീമെന്ന നിലയിൽ അർജന്റീനയോടുമുണ്ട് ഇഷ്ടം. എന്നാൽ, സ്കൂൾ കാലത്ത് ഫുട്ബോൾ താരമായിരുന്ന അബ്ദുറഹിമാന് കളിയെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാനാണ് ഇഷ്ടം. അതുകൊണ്ടാണ്, ഉജ്വലമായ പ്രകടനത്തിലൂടെ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചപ്പോൾ അത് ആസ്വദിച്ചത്. അർജന്റീനയും മെസ്സിയും ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷ നിറവേറിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ.
2018 ലോകകപ്പിൽ അർജന്റീനയുടെ കളി ഗ്യാലറിയിലിരുന്ന് കണ്ടത് ഇപ്പോഴും ത്രസിപ്പിക്കുന്ന ഓർമയാണ്. മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരം ഗാലറിയിലിരുന്നു കണ്ടപ്പോൾ അതേ ആവേശം തോന്നിയെന്നു മന്ത്രി പറയുന്നു. 18ന് ലോകകപ്പ് ഫൈനൽ കണ്ട ശേഷം നാട്ടിലേക്കു മടങ്ങാനാണു പദ്ധതി. അപ്പോൾ കപ്പ് ആര് നേടും? പ്രവചനം അസാധ്യമെന്നു മന്ത്രി പറയുന്നു.