ADVERTISEMENT

മലപ്പുറം ∙ പഴകും തോറും വീര്യമേറുന്ന വീഞ്ഞ് പോലെ പ്രായം കൂടുന്തോറും മികവിന്റെ മൂർച്ച കൂടുന്ന താരങ്ങൾ എല്ലാ ലോകകപ്പുകളിലും അവതരിക്കാറുണ്ട്. ഖത്തറിലെ കിരീട പോരാട്ടം അവസാന എട്ടിലേക്കു ചുരുങ്ങുമ്പോഴുമുണ്ട്, പ്രായമാകാത്ത കളിച്ചെറുപ്പവുമായി കളം നിറയുന്നവർ. കളി കണ്ടാൽ പ്രായമേ തോന്നില്ലെന്നു വിസ്മയിപ്പിക്കുന്ന ചിലർ.

പെപെ (പോർച്ചുഗൽ –39)

തിളങ്ങുന്ന മൊട്ടത്തലയുമായി പോർച്ചുഗൽ പ്രതിരോധത്തിന്റെ  പടനായകനായി വിലസുന്ന താരത്തിനു പ്രായം 39 ആയി എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും. പ്രീ ക്വാർട്ടറിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റിസർവ് ബെഞ്ചിലിരുത്തിയെങ്കിലും പെപ്പെയുടെ കാര്യത്തിൽ പരിശീലകനു സംശയങ്ങളൊന്നുമില്ലായിരുന്നു.   ചെറുപ്പക്കാരെ നാണിപ്പിക്കുന്ന ഉശിരൻ ഹെഡറിലൂടെ ഗോൾ നേടിയാണു റയൽ മഡ്രിഡിന്റെ മുൻതാരം ആ വിശ്വാസം കാത്തത്. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി ഇതോടെ പെപെ മാറി. നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനും.

തിയാഗോ സിൽവ (ബ്രസീൽ –38)

കളിയും ചിരിയും ചെറുപ്പത്തിന്റെ പ്രസരിപ്പും നിറഞ്ഞ പ്രതിഭകളാൽ സമ്പന്നമാണ് ബ്രസീലിന്റെ മുന്നേറ്റനിര. ടീമിന്റെ പവർ ഹൗസ് പക്ഷേ, പ്രതിരോധ മധ്യത്തിൽ നിലയുറപ്പിക്കുന്നൊരു വല്യേട്ടനാണ്– തിയാഗോ സിൽവ. . എസി മിലാന്റെയും പിഎസ്ജിയുടെയും പ്രതിരോധത്തിന്റെ നെടുന്തൂണായതിന്റെ പരിചയസമ്പത്തുണ്ട്. എതിർ പെനൽറ്റി ബോക്സിലേക്കു ചാട്ടുളിപോലെ കയറാൻ ശേഷിയുള്ള മുന്നേറ്റത്തിനൊപ്പം തിയാഗോ സിൽവ നേതൃത്വം നൽകുന്ന പ്രതിരോധത്തിന്റെ കെട്ടുറപ്പു കൂടിയാണു ബ്രസീലിനെ ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റുകളാക്കുന്നത്.

ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ– 37)

നാലു വർഷം മുൻപ് റഷ്യയിൽ ക്രൊയേഷ്യ ഫൈനൽവരെയെത്തിയതു ലൂക്കാ മോഡ്രിച്ചെന്ന മധ്യനിര താരത്തിന്റെ ചുമലിലേറിയാണ്. ഖത്തറിൽ ടീം ക്വാർട്ടറിെത്തുമ്പോഴും ബാൾക്കൻ രാജ്യത്തിന്റെ  സ്വപ്നങ്ങളുടെ താക്കോൽ മോഡ്രിച്ചിന്റെ കൈവശം തന്നെ. ഇന്ന് ബ്രസീലിനെതിരെ ഒരു കൈനോക്കാമെന്ന ആത്മവിശ്വാസത്തിനു പിന്നിലെ പ്രധാന കാരണം മധ്യനിരയിലെ ഈ ഭാവനാ സമ്പന്നന്റെ സാന്നിധ്യമാണ്. ഒട്ടേറെ സീസണുകളായി റയൽ മഡ്രിഡിന്റെ മധ്യനിരയുടെ ക‍ടിഞ്ഞാൺ മോഡ്രിച്ചിന്റെ കാലിലാണ്. ക്രൊയേഷ്യൻ ജഴ്സിയിലെത്തുമ്പോൾ മധ്യനിരയിൽ പുതിയ നീക്കങ്ങൾ മെനയുന്നതിനൊപ്പം അവശ്യഘട്ടങ്ങളിൽ പിന്നോട്ടിറങ്ങി കളിക്കാനും മടിയില്ല. ഖത്തറിൽ മോഡ്രിച്ച് വീണ്ടും കളം കീഴടക്കുമ്പോൾ ആ ചൊല്ല് വീണ്ടും യാഥാർഥ്യമാക്കുന്നു– ഏജ് ഈസ് ജസ്റ്റ് എ നമ്പർ.

ഒലിവർ ജിറൂദ് (ഫ്രാൻസ്– 36) 

ലോകകപ്പിലെ ഗോൾ നേട്ടത്തിൽ കിലിയൻ എംബപെയ്ക്കൊപ്പമില്ലെങ്കിലും ഫ്രാൻസിനായി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോൾ നേടിയ താരമെന്ന റെക്കോർഡിനു നേരെ ഇപ്പോൾ ഒലിവർ ജിറൂദിന്റെ പേരാണ്. 4 കളികളിൽ നിന്നായി 3 ഗോളുകൾ നേടി ഖത്തറിലും ജിറൂദ് ഗോൾ വേട്ട തുടരുന്നു. കിലിയൻ എംബപെയ്പ്പൊക്കം ജിറൂദിന്റെ കൂടി സാന്നിധ്യമാണു ഫ്രാൻസ് മുന്നേറ്റ നിരയെ ഖത്തറിലെ ഏറ്റവും അപകടകാരികളാക്കുന്നത്. ഫ്രാൻസിനായി 52 രാജ്യാന്തര ഗോളുകൾ നേടിയ ജിറൂദ്, നിലവിൽ എസി മിലാന്റെ താരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com