ADVERTISEMENT

വിശ്വമാമാങ്കത്തിന്റെ ചക്രവർത്തി പട്ടം തേടി ഇനി കളത്തിലുള്ളതു 8 ടീമുകൾ. ഇനി ഓരോ കളിയും മരണക്കിണറിലെ അഭ്യാസം. ജയിച്ചാൽ കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തു. കാലിടറിയാൽ  കളത്തിനു പുറത്ത്. കാൽപന്ത് പ്രിയത്തിൽ മലപ്പുറം ഹൃദയം പകുത്തുകൊടുത്ത ബ്രസീലും അർജന്റീനയും ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യദിനം തന്നെയിറങ്ങുന്നുണ്ട്. ഇരുടീമുകളും ഇന്നു ജയിച്ചാൽ ലോകം കാത്തിരിക്കുന്ന ആ ‘സ്വപ്ന ഫൈനൽ’ സെമിയിൽ തന്നെ സംഭവിക്കും. ഇന്ന് ജയം തേടിയിറങ്ങുന്ന 4 ടീമുകളുടെ ആരാധകർ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു......

സംശയമില്ല, വാമോസ്.......വിതുൽ സത്യ (മലപ്പുറം)

ലോകകിരീടത്തിനായുള്ള 36 വർഷത്തെ കാത്തിരിപ്പ്. അതിലേക്ക് ഇനിയുള്ളത് 3 വിജയങ്ങളുടെ ദൂരം മാത്രം. ഇന്ന് നെതർലൻഡ്സിനെതിരെ കളിക്കാനിറങ്ങുമ്പോൾ സ്കലോനിയുടെയും പിള്ളേരുടെയും മനസ്സിൽ ആ ബോധ്യമുണ്ടാകും. ലോകത്തെമ്പാടുമുള്ള അർജന്റീന ആരാധകരും ആ നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. നെതർലൻഡ്സിനെ നിസാരമായി കാണാനാവില്ല. ഗാപ്കോ, ഡിപേ, ഡംഫ്രിസ് തുടങ്ങിയ നല്ല താരങ്ങൾ അവരുടെ നിരയിലുണ്ട്.

അന്തിമവിജയം പക്ഷേ, മെസ്സിയും പിള്ളേർക്കുമൊപ്പമായിരിക്കുമെന്നുറപ്പാണ്. ആക്രമിക്കാനും പ്രതിരോധിക്കാനും കഴിവുള്ള സംഘമാണെന്നു ഇതിനകം അർജന്റീന തെളിയിച്ചിട്ടുണ്ട്. ഒട്ടമൻഡി, റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവർ പ്രതിരോധത്തിൽ ശക്തർ. മിഡ്ഫീൽഡിൽ ഡിപോളും മുന്നേറ്റ നിരയിൽ സാക്ഷാൽ മെസ്സിയുമെത്തുമ്പോൾ ആക്രമണ ഫുട്ബോളിന്റെ വിസ്ഫോടനം കാണാം. കളത്തിലെ താരങ്ങൾക്കൊപ്പം ആശാൻ സ്കലോനിയുടെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ ഹോളണ്ടിന്റെ വെല്ലുവിളി മറികടക്കാനാകുമെന്നു തന്നെയാണു പ്രതീക്ഷ.

പ്രവചനം : അർജന്റീന – 2,നെതർലൻഡ്സ് – 1

തീർച്ച, ഓറഞ്ച് മധുരിക്കും.... നാസർ തോട്ടുങ്കൽ (കട്ടുപ്പാറ) 

അർജന്റീനയുടെ തന്ത്രങ്ങളെല്ലാം മെസ്സിയെ ചുറ്റിപറ്റിയാണ്. നെതർലൻഡ്സിന്റേത് സമ്പൂർണ ടീം ഗെയിമാണ്.ടോട്ടൽ ഫുട്ബോൾ. തന്ത്രങ്ങൾ മെനയാൻ പരിചയ സമ്പന്നനായ ആശാൻ വാൻഗാലുമുണ്ട്. അതു കൊണ്ടു ഇന്ന് ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണു ആരാധകർ.ആധികാരികമായി ജയിച്ചാണു നെതർലൻഡ്സ് ക്വാർട്ടർ വരെയെത്തിയത്. പ്രീ ക്വാർട്ടറിൽ യുഎസ്എയ്ക്കെതിരെ നേടിയ വിജയം ടീമിന്റെ മികവിനു തെളിവാണ്.  മെംഫിസ് ഡിപേ, യുവ പ്രതിഭകളായ  ഗാപ്കോ, ഡംഫ്രി, പ്രതിരോധത്തിന്റെ വൻ മതിൽ വാൻഡിക് എന്നിവരെല്ലാം ചേരുമ്പോൾ കപ്പുയർത്താൻ ശക്തിയുള്ള ടീമാണു നെതർലൻഡ്സ്, അർജന്റീനയെ കുറച്ചു കാണുന്നില്ല. ടീം ഗെയിമിന്റെ ബലത്തിൽ ജയം നെതർലൻഡ്സിനൊപ്പം നിൽക്കുമെന്നുതന്നെയാണു ഉറച്ച പ്രതീക്ഷ. 

പ്രവചനം   :  നെതർലൻഡ്സ് –2,  അർജന്റീന– 1

സാംബാ താളം തുടരും...... അയൂബ് അമ്പാളി (നെയ്‌മർ ഫാൻസ് വെൽഫെയർ അസോസിയേഷൻ, സംസ്ഥാന പ്രസിഡന്റ്)

;;ആദ്യം തന്നെ പറയാം. ക്രൊയേഷ്യ നല്ല ടീമാണ്. എക്കാലത്തും മികച്ച മിഡ്ഫീൽഡർമാരുണ്ടായിരുന്ന ടീം.ലൂക്കാ മോഡ്രിച്ച് എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം അവർക്കു നൽകുന്ന കരുത്തിനെ കുറച്ച് കാണാനാവില്ല. ക്രൊയേഷ്യ വലിയ വെല്ലുവിളി ഉയർത്തുമെങ്കിലും ബ്രസീൽ ജയിക്കുമെന്നു തന്നെയാണു ഉറച്ച പ്രതീക്ഷ. ടീം  ഈ ലോകകപ്പിൽ കളിച്ച ഒഴുക്കുള്ള കളി തന്നെയാണു പ്രതീക്ഷയുടെ അടിസ്ഥാനം. മുന്നേറ്റ നിരയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. സുൽത്താൻ നെയ്മറിനൊപ്പം റിച്ചാലിസൻ, വിനീസ്യൂസ് ജൂനിയർ. റിസർവ് ബെഞ്ചിൽ പോലും പ്രതിഭകളുടെ നിര. സാധാരണ ബ്രസീലിന്റെ പ്രതിരോധത്തിൽ ചില വിള്ളലുകൾ കാണാറുണ്ട്. ഇത്തവണ  പക്ഷേ, തിയാഗോ സിൽവയുടെ നേതൃത്വത്തിൽ പ്രതിരോധവും ഡബിൾ സ്ട്രോങ്ങാണ്. ബ്രസീലിന്റെ പ്രകടനത്തിൽ വിശ്വാസമുള്ളതു കൊണ്ട് അന്തിമ ജയം ടീമിനൊപ്പമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഖത്തർ ലോകകപ്പിൽ സാംബാ നൃത്തം തുടരും.

പ്രവചനം : ബ്രസീൽ–  2 ക്രൊയേഷ്യ  –

ഉറപ്പാണ്, വിജയം എം.വി.അബ്ദുൽ മുനീർ (വടക്കാങ്ങര) 

ക്രൊയേഷ്യയ്ക്കു എ ടീമും ബി ടീമുമൊന്നുമില്ല. ഒറ്റ ടീമേയുള്ളൂ. അത് ഒന്നാന്തരം ടീമാണ്. ഒരു ടീമിനെയും പേടിക്കാതെ കളിക്കുന്നതാണു ക്രൊയേഷ്യയുടെ വലിയ ഗുണം. ബ്രസീലിനെതിരെയും അങ്ങനെ തന്നെ കളിക്കുമെന്നാണു ആരാധകരുടെ പ്രതീക്ഷ. പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ ഒരു ഗോളിനു പിന്നിലായിട്ടും തിരിച്ചുവന്നത് ടീമിന്റെ പോരാട്ട വീര്യത്തിനു തെളിവാണ്. ലൂക്കാ മോഡ്രിച്ച് മധ്യ നിരയിലും ജോസ്കോ ഗ്വാഡിയോൾ പ്രതിരോധത്തിലും ഇവാൻ പെരിസിക് മുന്നേറ്റത്തിലും തിളങ്ങിയാൽ ബ്രസീൽ വിയർക്കും. ജപ്പാനെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ അമാനുഷ പ്രകടനം കാഴ്ചവച്ച ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിക് കൂടിയാകുമ്പോൾ ഏതു ടീമിനെയും തോൽപ്പിക്കാനുള്ള കരുത്ത് ക്രൊയേഷ്യയ്ക്കുണ്ട്.

പ്രവചനം :  ക്രൊയേഷ്യ –2  ബ്രസീൽ – 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com