കരിപ്പൂർ ∙ പഴങ്ങൾ വയ്ക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ‘ഫ്രൂട്സ് ബൗൾ’ സ്വർണക്കമ്പികൾ കൊണ്ട് നിർമിച്ചും മിശ്രിതരൂപത്തിലാക്കിയ കാപ്സ്യൂൾ ശരീരത്തിൽ ഒളിപ്പിച്ചും 2 യാത്രക്കാർ കടത്താൻ ശ്രമിച്ച സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മലപ്പുറം തെയ്യാല സ്വദേശി മുഹമ്മദ് ഫായിസ് (30) ആണ് ഫ്രൂട്സ് ബൗൾ കടത്താൻ ശ്രമിച്ചുപിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയതായിരുന്നു.
24 കാരറ്റിന്റെ 793 ഗ്രാം സ്വർണം ലഭിച്ചതായും തുടർനടപടി സ്വീകരിച്ചതായും കസ്റ്റംസ് അറിയിച്ചു. തിരിച്ചറിയാതിരിക്കാൻ ബൗളിന് വെള്ളിനിറം പൂശിയിരുന്നു. മറ്റൊരു യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച 920 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഷാർജയിൽനിന്ന് ദുബായ് വഴി എത്തിയ കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണു പിടിയിലായത്. കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചത്.