ദമയന്തിയായി അരങ്ങിലെത്തും; വയനാട് കലക്ടർക്ക് സ്വപ്നസാഫല്യം
Mail This Article
കോട്ടയ്ക്കൽ ∙ പുതുവർഷാരംഭത്തിൽ ഗുരുവായൂരിൽ കളിവിളക്ക് തെളിയുമ്പോൾ അരങ്ങിൽ നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയാകുന്നത് ഒരു ‘വിഐപി’യാണ്. വയനാട് കലക്ടർ എ.ഗീതയുടെ (55) ഏറെ നാളത്തെ സ്വപ്നമാണ് ജനുവരി ഒന്നിന് പൂവണിയുന്നത്.പാലക്കാട് സ്വദേശിയായ ഗീത മൂന്നാം വയസ്സുമുതൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. ഒട്ടേറെ അരങ്ങുകളിൽ ചിലങ്കയണിയുകയും ചെയ്തു. ഈ അനുഭവത്തിൽ നിന്നാണ് കഥകളി പഠിക്കണമെന്ന ആഗ്രഹമുണ്ടായത്.
വയനാട്ടിൽ കഥകളി ശിൽപശാലയ്ക്കെത്തിയ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം അധ്യാപകനും കഥകളി നടനുമായ കോട്ടയ്ക്കൽ സി.എം.ഉണ്ണിക്കൃഷ്ണനോട് താൽപര്യം അറിയിക്കുകയായിരുന്നു. അങ്ങനെ ഒരു വർഷം മുൻപ് ഓൺലൈൻ വഴിയായിരുന്നു പഠനത്തിന്റെ തുടക്കം. പിന്നീട് ഉണ്ണിക്കൃഷ്ണൻ വയനാട്ടിലെത്തി പഠിപ്പിച്ചു. കലക്ടർ പലപ്പോഴായി കോട്ടയ്ക്കലിലുമെത്തി.മുൻ അഡീഷനൽ നിയമ സെക്രട്ടറിയായ ഭർത്താവ് എസ്.ജയകുമാർ നായരും ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ മകൻ വിശ്വനാഥും നൽകിയ പിന്തുണ ഊർജമേകി.
സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് പഠനവും അരങ്ങേറ്റവുമെല്ലാം.ദമയന്തിയുടെ ഭാഗം മുതൽ ഹംസത്തിന്റെ ഭാഗം കഴിയുന്നതുവരെയുള്ള കഥയാണ് ഗുരുവായൂരിൽ വൈകിട്ട് ഏഴിനും എട്ടരയ്ക്കുമിടയിൽ അവതരിപ്പിക്കുന്നത്. സോയിൽ സർവേ വകുപ്പിലെ രതി സുധീർ, രമ്യാകൃഷ്ണ, ഷിജിത് എന്നിവർ കൂട്ടുവേഷം ചെയ്യുന്നു. കോട്ടയ്ക്കൽ സന്തോഷ്, വിനീഷ്, മനീഷ് രാമനാഥൻ, പ്രതീഷ് എന്നിവർ പാട്ടിലും കൊട്ടിലും അകമ്പടിയായി നിൽക്കും.