കടലുണ്ടി പക്ഷിസങ്കേതത്തിൽ സർവേ; ദേശാടനപ്പക്ഷികൾ വിടപറയുന്നു

Mail This Article
വള്ളിക്കുന്ന് ∙ കടലുണ്ടി കമ്യൂണിറ്റി റിസർവ് മേഖലയിലെ പക്ഷിസങ്കേതത്തിൽ സർവേ നടന്നു. കടലുണ്ടിയിൽ നിന്ന് ദേശാടനപ്പക്ഷികൾ വിടപറയുന്നതായി, ഏഷ്യൻ ജലപക്ഷി കണക്കെടുപ്പിന്റെ ഭാഗമായി മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും കോഴിക്കോട് ബേർഡ്സ് സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേ പഠനത്തിൽ വ്യക്തമാകുന്നു.ഇവിടെ 8 ദേശാടനപ്പക്ഷികളടക്കം 36 ഇനം പക്ഷികളെയാണു കണ്ടെത്തിയത്. പച്ചക്കാലി, ചോരക്കാലി, വരവാലൻ ഗോഡ്, പൊൻ മണൽക്കോഴി, ചാര മണൽക്കോഴി, വാൾ കൊക്കൻ എന്നിവയാണ് പ്രധാന ഇനം. കടൽകാക്കകളുടെയും പ്രസിദ്ധമായ കടലുണ്ടിയിലെ ആളകളുടെയും സാന്നിധ്യം ഇല്ലായിരുന്നു.
അനുയോജ്യമായ കാലാവസ്ഥ മനസ്സിലാക്കി വിദേശ പക്ഷികൾ സുഖവാസത്തിനു കടലുണ്ടിയിൽ എത്താൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലധിമായി. കാലാവസ്ഥയും ഭക്ഷണലഭ്യതയുമാകാം പക്ഷികളെ ആകർഷിക്കുന്നത്. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി റിസർവ് ചെയർമാൻ പി.ശിവദാസൻ, പക്ഷി നിരീക്ഷകരായ വി.മുഹമ്മദ് ഹിഷ്,കെ.യദുപ്രസാദ്,പി.കെ.സുജീഷ് എന്നിവർ സർവേക്ക് നേതൃത്വം നൽകി.