കൊണ്ടോട്ടി ∙ ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന 2 സൈക്കിൾ കെട്ടിയുണ്ടാക്കിയ വാഹനം. ആ വാഹനത്തിൽ 2 സുഹൃത്തുക്കൾ ഇന്നലെ കൊണ്ടോട്ടിയിലെത്തിയത് ഒരു വർഷത്തെ യാത്ര പിന്നിട്ട്. ഒരു രൂപവീതം സമാഹരിച്ച് 5 കുടുംബങ്ങൾക്കു വീടിനുള്ള തുക കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം.കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കെ.ജി.നിജിൻ (33), വയനാട് അമ്പല വയലിലെ ടി.ആർ.റനീഷ് (33) എന്നിവരാണു വാഹനത്തിലുള്ളത്.
9 വർഷത്തെ പരിചയമുള്ള ഈ സുഹൃത്തുക്കൾ ‘ഒരു രൂപ സഹോദരന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്’.നേരത്തേ, യാത്രയ്ക്കിടെ കണ്ടെത്തിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5 നിർധന കുടുംബങ്ങൾക്കാണ് ഇവർ വീടൊരുക്കുന്നത്. 2021 ഡിസംബർ 10നു വയനാട്ടുനിന്ന് ആരംഭിച്ച യാത്ര കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ പിന്നിട്ടാണു മലപ്പുറം ജില്ലയിലെത്തിയത്. ഇതിനകം 1800 കിലോമീറ്റർ സഞ്ചരിച്ച സുഹൃത്തുക്കൾ, 5 കടുംബങ്ങൾക്കു വീടിനുള്ള സ്ഥലം വാങ്ങിക്കഴിഞ്ഞു.
3 ജില്ലകളിൽനിന്നു സമാഹരിച്ച 8 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. ഇനി വീടിനുള്ള തുക കണ്ടെത്തണം.യാത്രയുടെ ചെലവു കുറയ്ക്കുകയാണു സൈക്കിളുകൾ കൂട്ടിക്കെട്ടി വാഹനമുണ്ടാക്കിയതിന്റെ ഉദ്ദേശ്യമെന്നു നിജിനും റനീഷും പറഞ്ഞു. ഒരു രൂപ സംഭാവന നിക്ഷേപിക്കാനുള്ള സൗകര്യം മാത്രമല്ല, ഭക്ഷണം പാകം ചെയ്യാനും കിടക്കാനും മറ്റുമുള്ള സൗകര്യവും ഈ വാഹനത്തിലുണ്ട്.