കുറ്റിപ്പുറം ∙ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ദേശീയപാത ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി വിടുന്ന ബസുകൾക്കെതിരെ നടപടി. ഇത്തരം ബസുകളെ കണ്ടെത്താൻ ഉടൻ പരിശോധന ആരംഭിക്കുമെന്ന് തിരൂർ ജോ. ആർടിഒ എം.അൻവർ അറിയിച്ചു. ചില ബസുകൾ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ദേശീയപാത ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കിവിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മോട്ടർ വാഹന വകുപ്പ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
ഏതാനും ദിവസം മുൻപ് കോഴിക്കോട് ഭാഗത്തുനിന്ന് വന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ പോകാൻ സമയമില്ല എന്നു പറഞ്ഞ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ ജംക്‌ഷനിൽ ഇറക്കിവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യാത്രക്കാർക്ക് ബസ് ജീവനക്കാർ പണം തിരികെ നൽകുകയും ഇറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.
യാത്രക്കാർ മുഴുവൻ ഇറങ്ങും മുൻപ് ബസ് എടപ്പാൾ ഭാഗത്തേക്ക് പോയതായും പരാതി ഉയർന്നു. ജംക്‌ഷനിൽ ഇറങ്ങിയ സ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ പിന്നീട് വഴിയിൽ ഇറക്കിവിട്ടതായും പറയുന്നു. രാത്രി 8 കഴിഞ്ഞാൽ ഭൂരിഭാഗം ബസുകളും സ്റ്റാൻഡിൽ കയറുന്നില്ലെന്നാണു പരാതി.
അലക്ഷ്യമായി വാഹനം നിർത്തിയാൽ നടപടി
കുറ്റിപ്പുറം ടൗണിൽ ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. തിരക്കേറിയ റോഡുകളിലും ബസ് സ്റ്റാൻഡ് പരിസരത്തും നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ പിഴ ചമുത്തുമെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിലും മറ്റും അലക്ഷ്യമായിഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ച് ട്രാഫിക് പരിഷ്ക്കരണ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായിരുന്നില്ല.