പൊന്നാനി ∙ മീൻപിടിത്ത യാനങ്ങളിലെ ഇന്ധനം മണ്ണെണ്ണയിൽനിന്ന് എൽപിജിയിലേക്കു മാറുന്നതിൽ ജില്ലയുടെ തീരപ്രദേശത്ത് വൻ പ്രതീക്ഷ. പരീക്ഷണം വിജയിച്ചാൽ ജില്ലയിലെ പരമ്പരാഗത വള്ളക്കാർക്ക് നേട്ടമാകുമെന്ന് മത്സ്യത്തൊഴിലാളികൾ കരുതുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ 10 വള്ളങ്ങൾക്ക് എൽപിജി കിറ്റുകൾ സർക്കാർ നൽകിയിരുന്നു.
പൊള്ളുന്ന വിലയ്ക്ക് കരിഞ്ചന്തയിൽ മണ്ണെണ്ണ വാങ്ങി മീൻപിടിത്തത്തിനറങ്ങുന്നവരാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ. ജില്ലയിൽ 4400 വള്ളങ്ങളാണുള്ളത്. ഓരോ വള്ളത്തിനും ലീറ്റർ കണക്കിന് മണ്ണെണ്ണ ആവശ്യമായി വരുന്നുണ്ട്. ഇതിൽ 140 ലീറ്റർ മുതൽ 190 ലീറ്റർ വരെയാണ് സബ്സിഡി നൽകുന്നത്.
107 രൂപ നിരക്കിൽ ആകെ വാങ്ങിക്കുന്ന മണ്ണെണ്ണയിൽ 3500 മുതൽ 4500 രൂപ വരെയാണ് സബ്സിഡിയായി നൽകുന്നത്. നേരിയൊരു ആശ്വാസമെന്നല്ലാതെ സബ്സിഡി കൊണ്ട് വലിയ പ്രയോജനമൊന്നും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ലഭ്യമാകുന്ന മണ്ണെണ്ണ തികയാതെ വരുമ്പോഴാണ് പൊള്ളുന്ന വില നൽകി കരിഞ്ചന്തയിൽ വാങ്ങേണ്ടി വരുന്നത്.
ഉയർന്ന തുക നൽകി മണ്ണെണ്ണ വാങ്ങി മീൻപിടിത്തം നടത്തി വരുമ്പോഴേക്കും വലിയ നഷ്ടമാണ് ഓരോ മത്സ്യത്തൊഴിലാളിയും നേരിടേണ്ടി വരുന്നത്. എൽപിജി സംവിധാനം വന്നാൽ 60% വരെ ഇന്ധനച്ചെലവ് ലാഭിക്കാമെന്നാണു വിലയിരുത്തൽ. പരീക്ഷണം വിജയിച്ചാൽ നിലവിലുള്ള എൻജിനുകളിൽ മാറ്റം വരുത്തി എൽപിജി ഉപയോഗിക്കാവുന്നതാണ്. ഇതിനായി സർക്കാർ സഹായവും ലഭ്യമാകും. 1.65 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ വീതം ഇൗ ഇനത്തിൽ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം വകുപ്പുമന്ത്രി അറിയിച്ചിരുന്നു.