ADVERTISEMENT

മലപ്പുറം ∙ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള അവസാന തീയതി ഇന്ന്. ഫെബ്രുവരി ഒന്നു മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെയാണിത്. ഹെൽത്ത് കാർഡ് പരിശോധന   ശക്തമാക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നിലവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി ലഭിക്കാൻ ഹോട്ടലുകൾക്കും മറ്റും ജീവനക്കാരുടെ ഹെൽത്ത് കാർഡ് വിവരങ്ങൾ കൂടി നൽകേണ്ടതുണ്ടെങ്കിലും പലരും ചെയ്യാറില്ല. ഇനി അതും കർശനമാക്കും. ഹെൽത്ത് കാർഡ് ഉള്ളവരെ മാത്രമേ ജോലിക്കു വയ്ക്കാവൂ എന്നാണ് ഹോട്ടലുടമകൾക്കുള്ള നിർദേശം. 

പാചകം മുതൽ ഭക്ഷണവിതരണം വരെയുള്ള ജോലികൾ ചെയ്യുന്നവർക്കാണ് ഇതു ബാധകമാകുക. മിക്കപ്പോഴും സ്ഥിരമായി ജോലി ചെയ്യുന്നവർ മാത്രമേ ഇക്കാര്യത്തിൽ ശ്രദ്ധവയ്ക്കാറുള്ളൂ. താൽക്കാലിക ജോലിക്കാർക്ക് കാർഡ് ഉണ്ടാകാറില്ല. ഇനി ഇവരുടെ കാര്യത്തിലും പരിശോധന വരും. ഹോട്ടലുടമകളുടെ സംഘടനയും ആരോഗ്യവകുപ്പും ചേർന്ന് പലയിടത്തും ഹെൽത്ത് കാർഡ് ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക ക്യാംപുകളും നടന്നു. ആവശ്യമെങ്കിൽ ഇനിയും ക്യാംപുകൾ നടത്തുമെന്ന് ഡിഎംഒ ഡോ. ആർ.രേണുക പറഞ്ഞു. 

ഹെൽത്ത് കാർഡ്

നിശ്ചിത മാതൃകയിൽ റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടിഷണർ നൽകുന്ന സർട്ടിഫിക്കറ്റാണ് ഹെൽത്ത് കാർഡിന് പരിഗണിക്കുന്നത്. ഇതിനായി സർക്കാർ, സ്വകാര്യ ഡോക്ടർമാരെ സമീപിക്കാം. പ്രധാനമായും പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണു ലക്ഷ്യം. ശരീരപരിശോധന, കാഴ്ചശക്തി പരിശോധന, ത്വക് രോഗങ്ങളുണ്ടോയെന്ന പരിശോധന, വാക്സീനുകൾ എടുത്തിട്ടുണ്ടോ എന്ന പരിശോധന തുടങ്ങിയവയാണ് പ്രധാനമായും നടത്താറുള്ളത്. ഇതിനു പുറമേ ഡോക്ടർ നിർദേശിക്കുന്ന മറ്റു പരിശോധനകളുമുണ്ടാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com