വളാഞ്ചേരി ∙ നഗരസഭയിലെ മുഴുവൻ വാർഡുകളിലും തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. കേടായ മുഴുവൻ വിളക്കുകളും മാറ്റി സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. 33 വാർഡുകളിലുമായി 900 റ്റ്യൂബ് ലൈറ്റുകളും 1200 എൽഇഡി വിളക്കുകളുമാണ് തെരുവുവിളക്കുകളുടെ വിഭാഗത്തിൽ നഗരസഭ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 600 വിളക്കുകൾ പ്രവർത്തനരഹിതമാണ്. ഇവ മാറ്റുന്നതോടൊപ്പം 400 പുതിയ വിളക്കുകളും സ്ഥാപിക്കുന്നുണ്ട്.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനു 10ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഒന്നാംവാർഡിലെ തോണിക്കൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ തെരുവുവിളക്കുകളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർ റസീന മാലിക്ക്, യൂസഫ് വട്ടപ്പറമ്പിൽ, ടി.പി.അൻഫർ, പി.കെ.അലി എന്നിവർ പങ്കെടുത്തു.