പരപ്പനങ്ങാടി ∙ നഗരസഭയിൽ ഏറെ തിരക്കേറിയ അങ്ങാടിയാണു ചെട്ടിപ്പടി. ബാങ്കുകൾ,ആശുപത്രികൾ,വ്യാപാര സ്ഥാപനങ്ങൾ,സർക്കാർ ഓഫിസുകൾ എന്നിവ മൂലം തിരക്കേറിയ അങ്ങാടിയാണിത്. പരപ്പനങ്ങാടി–കടലുണ്ടി റോഡ് കടന്നു പോകുന്ന ഇവിടം റോഡിന്റെ വീതി കുറവും വാഹനബാഹുല്യവും യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ പ്രയാസകരമാണ്.
ചെട്ടിപ്പടി ജംക്‌ഷനിൽ നിന്ന് ചേളാരി റോഡിൽ നിർമിക്കാൻ തീരുമാനിച്ച റെയിൽവേ മേൽപാലം നിർമാണം പെട്ടെന്ന് നിർത്തി. കെ റെയിൽ നിർമാണത്തിനു സ്ഥലമെടുപ്പിന്റെ പേരിലാണ് നിർമാണം തുടങ്ങിയ മേൽപാലം പണി നിർത്തി വച്ചത്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മേൽപാലം നിർമാണത്തിനു
സ്ഥലം ഒരുക്കിയ ശേഷമാണ് കെ റെയിലിന്റെ പേരിൽ പണി നിർത്തിവച്ചത്. മേൽപാലം അനിശ്ചിതത്വത്തിലായതോടെ ചെട്ടിപ്പടി ജംക്‌ഷനിലെ മത്സ്യവിൽപന റോഡിൽ തുടരുകയാണ്. കൂടാതെ പാർക്കിങ് റോഡ് വക്കിലാണ്. പാർക്കിങ് നിരോധിച്ച് പൊലീസ് സ്ഥാപിച്ച ബോർഡിനു ചുറ്റും വാഹനങ്ങൾ നിർത്തിയിടുകയാണ്. പലപ്പോഴും വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിലാണ് പാർക്കിങ്.
റെയിൽവേ ഗേറ്റ് അടയ്ക്കുന്ന അവസരത്തിൽ വാഹന ബാഹുല്യം കടലുണ്ടി റോഡിൽ പരപ്പനങ്ങാടി.ചെട്ടിപ്പടി ഭാഗങ്ങളിലേക്ക് നീളുമ്പോൾ യഥാർഥത്തിൽ കാൽനട യാത്ര പോലും ദുസ്സഹമാകും. മത്സ്യമാർക്കറ്റും ശുചിമുറി സംവിധാനവും വേണം. ചെട്ടിപ്പടി ജംക്‌ഷനു തെക്കും വടക്കും കിഴക്കും ഓട്ടോ പാർക്കിങ് ഉണ്ട്. കൂടാതെ ബീച്ച് റോഡിലും പാർക്കിങ് ഉണ്ട്. പരപ്പനങ്ങാടി ഭാഗത്തെ പാർക്കിങ് ബസ് സ്റ്റോപ്പിനു സമീപമാണ്, ഓട്ടോ പാരലൽ സർവീസ് നടത്തുന്നതായി പരാതി ഉണ്ട്.