കുറ്റിപ്പുറം ∙ ഭാരതപ്പുഴയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തുവീണത് ആശങ്കക്കിടയാക്കി. കുറ്റിപ്പുറത്തിനും തിരുനാവായയ്ക്കും ഇടയിലായി ചെമ്പിക്കൽ ഭാഗത്താണ് ഇരുപതോളം എരണ്ട വിഭാഗത്തിപെട്ട കടൽക്കാക്കകൾ ചത്തുവീണത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ചത്ത പക്ഷികളെ ശാസ്ത്രീയ പരിശോധനയ്ക്കായി മലപ്പുറത്ത് എത്തിച്ചു. ഇന്നലെ രാവിലെയാണ് പക്ഷികൾ ചത്തു വീണ് തുടങ്ങിയത്. പറക്കുന്നതിനിടെ പക്ഷികൾ കൂട്ടമായി താഴേക്ക് വീഴുകയായിരുന്നു.
മലപ്പുറം ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച പക്ഷികളുടെ പോസ്റ്റ് മോർട്ടം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. അന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പാലക്കാട്ടേക്ക് അയച്ചു. പുഴയിൽ ചിലർ മീൻ പിടിക്കാൻ നഞ്ചു കലക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നഞ്ച് കലക്കിയശേഷം ചത്തു പൊങ്ങിയ മീനുകളെ തിന്നതാകാം പക്ഷികൾ കൂട്ടത്തോടെ ചത്തതിനു കാരണം എന്ന് സംശയിക്കുന്നുണ്ട്.