മലപ്പുറം∙സംസ്ഥാന ബജറ്റിൽ മലപ്പുറം ജില്ലയ്ക്കു കുമ്പിളിൽ പോലും കഞ്ഞിയില്ല. പൊതുവായ ചില പദ്ധതികളുടെ ഗുണം ലഭിക്കുമെന്നല്ലാതെ ജില്ലയ്ക്കു മാത്രമായി കാര്യമായ പ്രഖ്യാപനങ്ങളില്ല. ജില്ലയിലെ എംഎൽഎമാർ സമർപ്പിച്ച പദ്ധതികളിൽ ഒന്നോ രണ്ടോ എണ്ണത്തിനു മാത്രം അടങ്കൽ തുകയുടെ 20% അനുവദിച്ചു. മറ്റെല്ലാ പദ്ധതികൾക്കും 100 രൂപ ടോക്കൺ മാത്രമാണു മാറ്റിവച്ചത്. കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലെ പവിലിയൻ, മലപ്പുറം റവന്യു ടവർ ഉൾപ്പെടെ ജില്ലയുടെ പ്രധാന പദ്ധതികളെയെല്ലാം ടോക്കണിലൊതുക്കി. ജില്ലയിൽ കരിയർ ഡവലപ്മെന്റ് സെന്റർ പ്രഖ്യാപിച്ചെങ്കിലും എവിടെയെന്നു പറഞ്ഞിട്ടില്ല.
ജില്ലാ ആശുപത്രികളുടെ ഭാഗമായി അർബുദ ചികിത്സാ സംവിധാനമൊരുക്കുമെന്ന പ്രഖ്യാപനത്തിന്റെ ഗുണം ജില്ലയ്ക്കും ലഭിക്കും. മലപ്പുറത്ത് 3 ജില്ലാ ആശുപത്രികളുണ്ട്. താലൂക്ക് ആശുപത്രികളുടെ ഭാഗമായി നഴ്സിങ് കോളജുകൾ തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ജില്ലയിലെ ഏതെങ്കിലും ഇടം നേടുമോയെന്നു കണ്ടറിയണം. എന്നാൽ, മഞ്ചേരി മെഡിക്കൽ കോളജിലെ നഴ്സിങ് കോളജ് കെട്ടിടത്തിനായി അനുവദിച്ചത് 100 രൂപ ടോക്കൺ മാത്രം. നാളികേരത്തിന്റെ താങ്ങുവില 32ൽ നിന്ന് 34 ആയി വർധിപ്പിച്ചത് ഏറെ നാളികേര കർഷകരുള്ള ജില്ലയ്ക്കു പ്രയോജനം ചെയ്യും.
വരുമോ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ?
ആയുർവേദത്തിന്റെ രാജ്യാന്തര ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2 കോടി നീക്കിവച്ചിട്ടുണ്ട്. എന്നാൽ, ഇത് എവിടെ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല. ആയുർവേദ നഗരിയായ കോട്ടയ്ക്കലിനു നറുക്കുവീഴുമോയെന്നു കാത്തിരിക്കാം.
ചുരം കടന്നാൽ പെട്രോളിന് ലാഭം 4 രൂപ
ബജറ്റിൽ പ്രഖ്യാപിച്ച നികുതിവർധന നടപ്പായാൽ നാടുകാണി ചുരത്തിന് ഇപ്പുറം കേരളത്തിലും അപ്പുറം തമിഴ്നാട്ടിലും പെട്രോളിന് ഏകദേശം ലീറ്ററിനു 4 രൂപയുടെ വ്യത്യാസമുണ്ടാകും. നിലവിൽ തമിഴ്നാട്ടിലെ നാടുകാണിയിൽ പെട്രോളിനു 104.84 രൂപയും വഴിക്കടവിൽ 106.79 രൂപയുമാണു നിരക്ക്. വില വർധിച്ചാൽ കേരളത്തിൽ ഏകദേശം 108.79 രൂപയാകും. ഡീസലിനു നിലവിൽ കേരളത്തിലാണു വില കുറവെങ്കിലും നികുതി നിർദേശം നടപ്പായാൽ തമിഴ്നാടിനെക്കാൾ ഒരു രൂപ കൂടുതലാകും.
കോടതിച്ചെലവ് കുത്തനെ കൂടും
കോർട്ട് ഫീ ഒരു ശതമാനം കൂട്ടുന്നത് കോടതിച്ചെലവു വർധിക്കാനിടയാക്കും. നിലവിൽ വാല്വേഷന് ഒരു ലക്ഷം രൂപയ്ക്ക് 8,400 രൂപയാണ് കോർട്ട് ഫീ, ലീഗൽ ബെനഫിറ്റ് സ്റ്റാംപ് ഒരു ശതമാനം ഉൾപ്പെടെ 9,400 കോടതിക്ക് ഫീസ് ആയി നൽകണം. ഡിടിപി, ഫയലിങ്, അഭിഭാഷക ഫീസ്, ക്ലാർക്ക് ഫീസ്, പകർപ്പെടുക്കൽ, നോട്ടിസ് ബത്ത തുടങ്ങിയ കക്ഷി വഹിക്കണം. പുതിയ നിർദേശം വരുന്നതോടെ കക്ഷികൾക്ക് കേസ് ഫയൽ ചെയ്യാൻ ചെലവു കൂടും. കോടതി സംബന്ധിച്ച് ബജറ്റിലെ മറ്റ് നിർദേശങ്ങൾ അറിവായിട്ടില്ല. കോർട്ട് ഫീ ആൻഡ് സ്യൂട്ട് വാല്വേഷൻ ആക്ട് ഭേദഗതി ചെയ്തു വന്നാലേ കൃത്യമായ വിവരം ലഭിക്കൂ.- കെ.സതീഷ് കേരള അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ സെക്രട്ടറി.
വ്യാപാരികൾക്ക് പ്രഹരം
വ്യാപാരികളെ സംബന്ധിച്ചിടത്തോളം അടിമുടി പൊള്ളിക്കുന്ന ബജറ്റാണിത്. ഇന്ധനവില വർധിക്കുന്നതോടെ അവശ്യ സാധനങ്ങൾക്കുൾപ്പെടെ വിലക്കയറ്റം വരും. വ്യാപാരികളുടെ ക്ഷേമനിധി തുകയിൽ വർധനയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അംശദായം അടച്ചിട്ടുപോലും 1300 രൂപ മാത്രമാണ് കിട്ടുന്നത്. - പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ്.
ഓട്ടോക്കാർ പട്ടിണിയാകും
ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ 90 ശതമാനവും വാടകയ്ക്ക് വണ്ടി വാങ്ങി ഓടുന്നവരാണ്. ഒരു ദിവസം 250 രൂപയാണു വാടകയായി നൽകേണ്ടത്. 250 രൂപയ്ക്ക് ഇന്ധനവും നിറയ്ക്കണം. രാവും പകലും ഓടിയാലും ഈ ചെലവെല്ലാം കഴിഞ്ഞ് ബാക്കിയാകുന്നത് തുച്ഛമായ സംഖ്യ മാത്രം.
പല ദിവസങ്ങളിലും 100 – 200 രൂപ വരെയാണ് ലഭിക്കുന്നത്. ഇതുകൊണ്ടെങ്ങനെ കുടുംബം പോറ്റാനാണ്. ഇതിനു പുറമേയാണിപ്പോൾ സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് 2 രൂപ കൂട്ടിയതും വാഹനങ്ങളുടെ നികുതി വർധിപ്പിച്ചതും. ഇത് ജീവിതത്തെ ഏറെ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നുറപ്പാണ്.- യാസർ മുത്തൂർ ഓട്ടോറിക്ഷാ ഡ്രൈവർ, തിരൂർ.അടുപ്പിൽ തീപുകയില്ല
"അടുക്കള ബജറ്റിനെ താളം തെറ്റിക്കുന്നതാണ് ഈ ബജറ്റ്. വീട്ടമ്മമാർ പ്രതിസന്ധിയിലാകും. ഈ പോക്ക് പോയാൽ ഇനി അടുപ്പുകളിൽ തീ പുകയില്ല".- ബി.സരസ്വതി വീട്ടമ്മ, ചെണ്ടക്കോട് പഴമള്ളൂർ