ADVERTISEMENT

എടക്കര ∙ പൊലീസ് ചമഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. മാതാവിന്റെ ചികിത്സയ്ക്കെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടാണ് ആദ്യം തട്ടിപ്പ് നടത്തിയത്. പിന്നീടാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പ്. താമരശ്ശേരി ഉണ്ണിക്കുളം മങ്ങാട് കുട്ടാക്കിൽ നിഷാജ് (28) ആണ് അറസ്റ്റിലായത്. എടക്കര സ്വദേശിയായ വ്യാപാരിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം മാതാവിനു ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെടുകായയിരുന്നു. 

പലതവണയായി ഒരു ലക്ഷം രൂപയോളം വാങ്ങി. ഇതിനിടയിൽ വ്യാപാരി മാതാവിനെ കാണാ‍ൻ ആഗ്രഹം അറിയിക്കുകയായിരുന്നു. യുവാവ് പറഞ്ഞതുപ്രകാരം സ്ഥലത്തെത്തിയപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു യുവാവ് കടന്നു. ഒരു മാസം കഴിഞ്ഞു യുവാവ് സൈബർ സെല്ലിലെ എസ്ഐ ആണെന്ന് പറഞ്ഞ് വ്യാപാരിയെ വിളിച്ചു. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പണം നൽകിയതെന്നും കേസിൽ കൂട്ടുപ്രതിയാക്കാതിരിക്കണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയെ തുടർന്ന് വ്യാപാരി 3 ലക്ഷം രൂപ നൽകി. വ്യാപാരി പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. 

ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, പൊലീസ് ഇൻസ്പെക്ടർ എൻ.ബി.ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി വയനാട് ലക്കിടിയിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. നിലമ്പൂ‍ർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ കെ.അബൂബക്കർ, എഎസ്ഐ സി.കെ.അബ്ദുൽ മുജീബ്, പൊലീസുകാരായ രതീഷ്, സബീറലി, അനീഷ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com