ADVERTISEMENT

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം 8ന് തുടങ്ങുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. സാമൂഹിക ആഘാത പഠനത്തിനു ശേഷം പ്രത്യേക വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കും. ഇതും ഭൂഉടമകളുടെ ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. ആരിൽ നിന്നും ബലമായി ഭൂമി ഏറ്റെടുക്കില്ലെന്നും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽഹമീദ്, കലക്ടർ വി.ആർ.പ്രേംകുമാർ, അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് എൻ.എം.മെഹറലി, ഡപ്യൂട്ടി കലക്ടർമാരായ കെ.ശ്രീകുമാർ, കെ.ലത, തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വി.കെ.മുരളി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.

നഷ്ടപരിഹാരവും പുനരധിവാസവും

ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടിത്തുകയും കെട്ടിടങ്ങൾക്ക് കെട്ടിട വിലയുടെ ഇരട്ടിത്തുകയും നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. മരങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. ഇതിനു പുറമേ കുടിയിറക്കപ്പെടുന്നവർക്ക് ഒറ്റത്തവണ സഹായധനമായി 3 ലക്ഷം രൂപ, ഉപജീവന ഗ്രാന്റായി ഒരു വർഷത്തേക്ക് പ്രതിമാസം 5000 രൂപ, ഗതാഗത ചെലവായി 50,000 രൂപ, അലവൻസായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും.

കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപ, ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ 3 വർഷം തുടർച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം 6000 രൂപ നിരക്കിൽ 6 മാസത്തേക്ക് നൽകും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നൽകേണ്ട 5% കണ്ടിൻജൻസി നിരക്ക് സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com