എടക്കര ∙ പുതു തലമുറയ്ക്ക് പഴയകാല കൃഷി രീതികൾ പരിചയപ്പെടുത്താൻ സ്വന്തമായി മ്യൂസിയം ഒരുക്കി കർഷകൻ. ശാസ്ത്രീയ തെങ്ങുകൃഷിയിലൂടെ കേരകേസരി അവാർഡ് നേടിയ മരുതയിലെ കല്ലോലിക്കൽ കെ.എം.ദിവാകരൻ നായരാണ് (84) പുരാവസ്തുക്കൾ ശേഖരിച്ച് മ്യൂസിയം ഒരുക്കിയത്.
കൃഷിപ്പണിക്ക് പൂർവികർ മുതൽ ഉപയോഗിച്ച് വന്നിരുന്ന ഉപകരണങ്ങൾ പലയിടത്തും കിടന്ന് നശിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ഒരിടത്തേക്ക് ഭദ്രമാക്കി വച്ചു. പത്തായം മുതലുള്ള പഴയ വീട്ടുസാധനങ്ങളും കളയാതെ സൂക്ഷിച്ചു. കൗതുകം തോന്നിയ കുറച്ച് പുരാവസ്തുക്കൾ പുറത്തുനിന്നു ശേഖരിക്കുകയും ചെയ്തതോടെ വീടിന് മുന്നിലെ കെട്ടിടം മ്യൂസിയമായി മാറുകയായിരുന്നു. കാർഷിക ഉപകരണങ്ങൾ കൂടാതെ വാദ്യോപകരണങ്ങൾ, പഴയ ഇലക്ട്രിക്കൽ സാധനങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്.
കാണാൻ വരുന്ന വിദ്യാർഥികൾക്ക് ഓരോന്നിനെയും കുറിച്ച് ദിവാകരൻ നായർ തന്നെ പറഞ്ഞു കൊടുക്കും. 1996 ൽ ആണ് ദിവാകരൻ നായർക്ക് കേരകേസരി അവാർഡ് ലഭിച്ചത്. ഇപ്പോഴും 5 ഏക്കർ സ്ഥലത്ത് മികച്ച രീതിയിൽ തെങ്ങുകൃഷി ചെയ്യുന്നുണ്ട്. തെങ്ങിന് ഇടവിളയായി ജാതി, ഗ്രാമ്പു, ഇഞ്ചി, കുരുമുളക്, പയറുവർഗങ്ങൾ എന്നിവയുമുണ്ട്. മകൻ കൃഷ്ണകുമാർ, മരുമകൾ രശ്മി എന്നിവർ സഹായത്തിനുണ്ട്.