തിരൂർ ∙ ഒരു നാടിന്റെ പ്രത്യാശയും നിരാശയും കലർന്ന ചിത്രമാണ് മുകളിൽ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുറക്കാനൊരുങ്ങുന്ന താഴേപ്പാലത്തെ പുതിയ പാലം പ്രതീക്ഷ സമ്മാനിക്കുമ്പോൾ തിരൂരിന്റെ കായികപ്രതീക്ഷകൾക്കു വികസനമെത്താതെ മങ്ങലേൽപിക്കുന്ന രാജീവ്ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നിരാശയാണു നൽകുന്നത്.ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചയായിരുന്ന ഈ 2 പദ്ധതികളുടെയും ഇന്നത്തെ അവസ്ഥയാണിത്.
പാലം 14ന് തുറക്കും
തിരൂർ താഴേപ്പാലത്തെ പുതിയ പാലം 6 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുറക്കുകയാണ്. പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാൻ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. സ്ഥലം വിട്ടുകിട്ടാത്തതും കരാറുകാരുടെ പ്രശ്നങ്ങളുമെല്ലാമാണ് വൈകിച്ചത്. ഒടുവിൽ പണി പൂർത്തിയായ പാലം 14ന് തുറക്കുകയാണ്. പാലം തുറന്നാൽ ചമ്രവട്ടം പാതയിലെ യാത്രക്കാർക്ക് തിരൂർ പുഴ കുരുക്കില്ലാതെ കടക്കാം. പ്രത്യാശയോടെ ഉദ്ഘാടനത്തിനു നാട് കാത്തിരിക്കുകയാണ്.
Also read: ഉറങ്ങിക്കിടക്കുമ്പോൾ മുന്നിൽ ഇതാ, കാട്ടാന; വീട് ഇടിച്ചുതകർത്തു
ഉറങ്ങുന്ന കായിക സ്വപ്നങ്ങൾ
കായികപ്രേമികളുടെ സ്വപ്നമാണ് രാജീവ്ഗാന്ധി സ്റ്റേഡിയത്തിലെ വികസനം. ഏറെ മുറവിളികൾ ഉയർന്നിട്ടും ഇതൊന്നുമാകാത്തത് നിരാശ നൽകുന്നു. സിന്തറ്റിക് ട്രാക്കും ഗാലറിയും നശിച്ചു കിടക്കുന്നു. 7 കോടി രൂപയുടെ വികസനം സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഇതിനായി ഒപ്പിടേണ്ട കരാർ പ്രകാരം നഗരസഭയ്ക്കു സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുമെന്ന ആശങ്ക അതിൽനിന്ന് പിൻവലിച്ചു. പകരം മറ്റു ഫണ്ടുകൾക്കായി കാത്തിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ നവീകരണത്തിലൂടെ നാടിന്റെ പ്രതീക്ഷയാകുമോ എന്ന ചോദ്യമാണ് ബാക്കി.