തേഞ്ഞിപ്പലം ∙ പ്രതിരോധ കുത്തിവയ്പിനെ തേഞ്ഞിപ്പലം പിഎച്ച്സിയെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ഒറ്റയടിക്ക് ഗണ്യമായി കുറഞ്ഞു. ഇന്നലെ 44 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. സാധാരണ 150ൽപരം കുട്ടികൾ എത്താറുള്ളതാണ്. 3 വർഷമായി ബുധനാഴ്ചകളിൽ കുത്തിവയ്പിന് ഉപയോഗിച്ചിരുന്ന കെട്ടിടം ഒരാഴ്ചയായി അടഞ്ഞു കിടപ്പാണ്.
മുൻ ഭരണസമിതിയുടെ കാലത്ത് 17 മാസത്തെ വാടക നൽകിയില്ലെന്നതിന്റെ പേരിൽ ഉടമ അടയ്ക്കുകയായിരുന്നു. തന്മൂലം കഴിഞ്ഞാഴ്ച നൂറിലേറെ കുട്ടികൾ കുത്തിവയ്പ് എടുക്കാതെ മടങ്ങി. അവരിൽ പലരും മറ്റ് പിഎച്ച്‌സികളിൽനിന്നാണ് പിന്നീട് കുത്തിവയ്പ് എടുത്തത്. വാടക പ്രശ്നം പഞ്ചായത്ത് അധികൃതർക്ക് പരിഹരിക്കാനാകുന്നില്ല.
നിയമ തടസ്സം ഉണ്ടായേക്കാം എന്നാണ് അവരുടെ ഭയം. കോവിഡ് കാലത്ത് പ്രത്യേക സാഹചര്യത്തിൽ വാടകക്കെടുത്ത കെട്ടിടം ആയതിനാൽ കുടിശിക നൽകുന്നതിൽ അപാകത ഇല്ലെന്ന വാദക്കാരുമുണ്ട്.പാണമ്പ്രയിലും പരിസരത്തും പുതിയ കെട്ടിടം വാടയ്ക്ക് കിട്ടാനില്ലെന്നും അധികൃതർ പറഞ്ഞു. വാടകക്കെട്ടിടത്തിൽ പരിമിത സൗകര്യത്തോടെയുള്ള പിഎച്ച്‌സിയിലാണ് ഇന്നലെ കുത്തിവയ്പ് ക്യാംപ് നടത്തിയത്. കുട്ടികൾ കുറയാൻ ഇതും കാരണമായി. പിഎച്ച്സിക്ക് ചാപ്പപ്പാറയിൽ പുതിയ കെട്ടിടം നിർമിക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ വൈകും.