മലപ്പുറം ∙ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ മാത്രമല്ല, മലപ്പുറത്തിന്റെ ഫുട്ബോൾ തലസ്ഥാനമായ അരീക്കോട്ടുമുണ്ട് ‘ലയണൽ മെസ്സി സ്ട്രീറ്റ്’. അരീക്കോട് ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപം അഞ്ചാം വാർഡിലെ പഞ്ചായത്ത് റോഡിനു മുൻപിലാണ് ലയണൽ മെസ്സി സ്ട്രീറ്റ് എന്ന ബോർഡ് ഇടംപിടിച്ചത്.
ഇംഗ്ലിഷ് അറിയാത്ത അർജന്റീനക്കാരൻ വന്നാലും ഈ സ്ട്രീറ്റ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. കാരണം ഇംഗ്ലിഷിനു പുറമേ സ്പാനിഷ് ഭാഷയിലും എഴുതിയിട്ടുണ്ട്. അരീക്കോട്ടെ ഫുട്ബോൾ കാരണവരായി അറിയപ്പെടുന്ന പരേതനായ കാഞ്ഞിരാല മുഹമ്മദലിയുടെ പൗത്രനും ഡിഎഫ്എ പ്രസിഡന്റായിരുന്ന
പരേതനായ അബ്ദുൽ അലിയുടെ മകനുമായ കാഞ്ഞിരാല ഷമീമും നാട്ടിലെ കുറച്ച് അർജന്റീന ഫാൻസും ചേർന്നു സ്ഥാപിച്ചതാണ് ഈ ബോർഡ്. ലോകകപ്പ് നേടിയ മെസ്സിക്കുള്ള ആദരം എന്ന നിലയ്ക്കാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിനു മുതിർന്നതെന്ന് ഷമീം പറയുന്നു. അരീക്കോട് കൊട്ടപ്പുറം പ്രദേശത്താണ് ഫുട്ബോൾ ആരാധകർക്കെല്ലാം കൗതുകമായി മാറിയ ഈ റോഡും ബോർഡുമുള്ളത്.