ADVERTISEMENT

തിരൂർ ∙ നാടെങ്ങും വനിതാദിനാചരണത്തിന്റെ ഒരുക്കത്തിലായിരുന്ന ചൊവ്വാഴ്ച ഒരുകൂട്ടർ തിരൂർ സൗത്ത് അന്നാര നാലുകണ്ടത്തിൽ പാത്തുമ്മു  എന്ന 73 വയസ്സുകാരിയോടു ചെയ്തത് ക്രൂരത. എല്ലാ അനുമതികളോടുംകൂടി നടത്തിയിരുന്ന പെട്ടിക്കട തല്ലിത്തകർത്തവർ അവരുടെ ജീവിത മാർഗമാണ് അടച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് പെട്ടിക്കട തകർത്തത്. തിരൂർ നഗരസഭ 40 വർഷം മുൻപ് അനുവദിച്ച കട കഴിഞ്ഞ ദിവസം വരെ സെൻട്രൽ ജംക‍്ഷനിലായിരുന്നു.

അവിടെയുള്ള 14 പെട്ടിക്കടകളും റോഡ് വികസനത്തിനായി മാറ്റിസ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചു. ഉടമകളെ വിളിച്ചുകൂട്ടി നറുക്കിട്ടാണ് പുതിയ സ്ഥാനം തീരുമാനിച്ചത്. പാത്തുമ്മുവിന്റെ കട സെൻട്രൽ ജംക‍്ഷനിലെ തന്നെ ടാക്സി സ്റ്റാൻഡിൽ സ്ഥാപിക്കാനാണ് നറുക്കുവീണത്. തിങ്കളാഴ്ച കട ആങ്ങോട്ടു മാറ്റി. എന്നാൽ ടാക്സി ഡ്രൈവർമാർ ഇതിനെതിരെ പ്രതിഷേധമുയർത്തി. തുടർന്ന് ചൊവ്വ വൈകിട്ട് കടയിൽ കൊടികൾ സ്ഥാപിച്ച് സിപിഎം സമരവും നടത്തി. ടാക്സി സ്റ്റാൻഡ് തകർക്കാനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നതെന്നാണ് സിപിഎം ആരോപണം. സമരത്തിനു ശേഷം ചിലരെത്തിയാണു പെട്ടിക്കട തകർത്തത്.

മുൻപ് ഈ പെട്ടിക്കടയിൽ പാത്തുമ്മു സർബത്ത് കച്ചവടം നടത്തിയിരുന്നു. ഇപ്പോൾ കുടുംബത്തിലെ ചിലർ ഇവിടെ പൂക്കച്ചവടം നടത്തുകയാണ്. ഇതിൽനിന്നുള്ള വരുമാനമാണ് പാത്തുമ്മുവിന്റെ കുടുംബത്തിന്റെ ആശ്രയം. സോഡിയം കുറയുന്ന അവസ്ഥയുള്ള തനിക്ക് മരുന്ന് വാങ്ങാനുള്ള പണവും ഇതിൽ നിന്നാണ് ലഭിക്കുന്നതെന്നു പാത്തുമ്മു പറഞ്ഞു. ആരാണ് പൊളിച്ചതെന്ന് അറിയില്ലെന്നും ആരെയും സംശയമില്ലെന്നും പാത്തുമ്മു പറഞ്ഞു. സിപിഎം പ്രവർത്തകരാണ് കട തകർത്തതെന്നു നഗരസഭാധ്യക്ഷ എ.പി.നസീമ പറഞ്ഞു. തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com