ADVERTISEMENT

മലപ്പുറം ∙ ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു. പുലാമന്തോളിലെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കും പെരിന്തൽമണ്ണയിൽ ചികിത്സാർഥം വന്നു താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ ഐസലേഷനിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചിരുന്നു.

കഴിഞ്ഞദിവസമാണ് സ്ഥിരീകരണമുണ്ടായത്. കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രായമുള്ളവരും കുട്ടികളും സൂക്ഷിക്കുക

∙ശ്വാസകോശ സംബന്ധമായ അണുബാധയാണ് എച്ച്3എൻ2. ഒരാഴ്ച വരെ നീളുന്ന പനി, ചുമ, ഛർദി, മനംപിരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് എച്ച്3എൻ2 വൈറസ്ബാധയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ പനിയും എച്ച്3എൻ2 ആകണമെന്നില്ലെന്നു ആരോഗ്യവിദഗ്ധർ പറയുന്നു.

പ്രായം ചെന്നവരിലും കുട്ടികളിലുമാണ് രോഗം ഗുരുതരമാവുക. കൈകാലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ പോകുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യവിഭാഗം നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ.

പനിക്കു ചികിത്സ തേടിയത് 10,134 പേർ

∙ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പനിക്കു ചികിത്സ തേടിയത് 10,134 പേരാണ്. പനി പിടിപെടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയില്ലെന്നാണ് ജില്ലാ ആരോഗ്യവിഭാഗം പറയുന്നത്. അതേസമയം, വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കു സാധ്യത കൂടുതലുള്ളതിനാൽ ജനം ജാഗ്രത പുലർത്തണമെന്നും ഇവർ നിർദേശിക്കുന്നു.

വഴിക്കടവിൽ 3 പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു

എടക്കര ∙ വഴിക്കടവിൽ 2 കുട്ടികൾ ഉൾപ്പെടെ 3 പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. ഏഴും പത്തും വയസ്സുള്ള കുട്ടികളടക്കമുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ വഴിക്കടവിൽ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. എടക്കര, അമരമ്പലം, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ കോളറ രോഗികളുടെ എണ്ണം ആകെ 14 ആണ്. വഴിക്കടവിൽ മാത്രം 41 പേർക്ക് രോഗ ലക്ഷണമുണ്ട്.ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചു. 90 ശതമാനം രോഗികളും സുഖപ്പെട്ട് വീടുകളിൽ വിശ്രമത്തിലാണ്. വെളളം പരിശോധിക്കുന്നതിനായി റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ആരോഗ‍്യവകുപ്പിന് കൈമാറി.

ആദ‍്യഘട്ടത്തിൽ വഴിക്കടവിൽ 50 കിറ്റുകളാണ് നൽകിയത്. ഒരു കിറ്റ് ഉപയോഗിച്ച് 80 മുതൽ 100 വരെ വാട്ടർ സാംപിൾ പരിശോധിക്കാം. പരിശോധനയിൽ ഒരു സാംപിളി‍ൽ നിന്നു ഫിസിക്കൽ, കെമിക്കൽ, ബാക്ടീരിയോളജിക്കൽ തുടങ്ങി 12 കാര്യങ്ങൾ അറിയാനാവും. കോളിഫോം ബാക്ടീരിയയുടെ സാന്നിധ‍്യവും മനസ്സിലാവും.

ബാക്ടീരിയയുടെ അളവ് എത്രത്തോളമുണ്ടെന്ന് 24 മണിക്കൂറിന് ശേഷമേ മനസ്സിലാകുകയുള്ളു. എന്നിരുന്നാലും വെള്ളം ഉപയോഗ ശൂന‍്യമാണോയെന്ന് ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ അര മണിക്കൂർ കൊണ്ട് മനസ്സിലാക്കാൻ കഴിയും. പരിശോധന നടത്താൻ ആശ വർക്കർമാർക്ക് 3 ദിവസത്തെ പരിശീലനം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com