ADVERTISEMENT

നോക്കിനിൽക്കെ സുരക്ഷാഭിത്തികൾ തകർത്ത് താഴേക്ക്

വളാഞ്ചേരി ∙ ‘പതുക്കെ പോകുകയായിരുന്ന സവാള ലോറി വളവിലെത്തിയപ്പോൾ പെട്ടെന്ന് വേഗം കൂടുകയായിരുന്നു. സുരക്ഷാഭിത്തിയൊക്കെ ഇടിച്ചുതകർത്ത് പറന്നുപോയ ലോറി മൂക്കും കുത്തി താഴേക്ക് പതിക്കുന്നതാണ് പിന്നെ കണ്ടത്’ വട്ടപ്പാറവളവിൽ അപകടത്തിൽപെട്ട ചരക്കുലോറിയുടെ തൊട്ടുപിറകിൽ കാറിൽ പോകുകയായിരുന്ന കഞ്ഞിപ്പുര ചോലയ്ക്കൽ കിഴക്കേതിൽ മൊയ്തീൻകുട്ടി (60)യുടെ വാക്കുകളാണ്.

മൊയ്തീൻകുട്ടി

വാഹനം നിർത്തിയപ്പോൾ ലോറിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം കേട്ടു. എന്തു ചെയ്യുമെന്നറിയാതെ ആദ്യം പകച്ചു. ചെരിപ്പൂരി താഴ്ചയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും ഒരു ബൈക്കുകാരനും സമീപത്തുനിന്നു മറ്റുള്ളവരും എത്തി. അൽപസമയത്തിനുള്ളിൽ പൊലീസും. ആർക്കും രക്ഷപ്പെടുത്താവുന്ന വിധത്തിലായിരുന്നില്ല കാബിനിൽ കുടുങ്ങിയവരുടെ സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പമുള്ള സംരംഭത്തിന്റെ ‘തുടക്കം’ അവസാനിച്ചത് കണ്ണീർക്കയത്തിൽ

മലപ്പുറം ∙ എൻജിനീയറിങ് ബിരുദധാരിയായ ശരത് തന്റെ സുഹൃത്തുക്കൾക്കൊപ്പം ആരംഭിച്ച പുതിയ സംരംഭത്തിലെ ആദ്യ ലോഡാണ് വട്ടപ്പാറ വളവിൽ ഇന്നലെ മരണത്തിലേക്കുള്ള യാത്രയായത്. മഹാരാഷ്ട്രയിൽനിന്ന് 14ന് ഉച്ചയ്ക്ക് 25 ടൺ സവാളയെടുത്ത് ഇന്നലെ രാവിലെ ആലുവയിലെ വ്യാപാരിക്ക് എത്തിച്ചുകൊടുക്കാനാണ് ലോറിയിൽ കൂടെപ്പോയത്. മണിക്കൂറുകൾക്കു മാത്രം മുൻപാണ് ആ സവാള ലോഡ് കുടുംബത്തിന്റെയും നാടിന്റെയും കണ്ണീരായി മാറിയത്.

ബെംഗളൂരുവിൽ ഹെൽമറ്റ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ശരത് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയതെന്ന് ബന്ധുവായ ദീപേഷ് പറയുന്നു. തുടർന്ന് 8ന് വീട്ടിൽ നിന്നു പോയി. വിമാനമാർഗം പുണെയിലേക്കു പോയി. സുഹൃത്തുക്കളുമായി ചേർന്നുള്ള പുതിയ സംരംഭത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഇന്നലെ പുലർച്ചെ മാഹിയിൽ വച്ച് ഇന്ധനം നിറയ്ക്കാൻ നിർത്തിയപ്പോൾ വീട്ടിലേക്ക് വിളിച്ചിരുന്നതായും പിന്നീട് കേൾക്കുന്നത് മരണവാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താഴ്ചയിലേക്കുള്ള വീഴ്ച രക്ഷാപ്രവർത്തനം ദുഷ്കരമാക്കി

വളാഞ്ചേരി ∙ കഴുത്തൊടിഞ്ഞതുപോലെ കിടന്ന ലോറിയുടെ കാബിനു മുകളിൽ ലോഡും പിൻഭാഗങ്ങളും അമർന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണോ വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടകകാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ലോറിയിൽ നിന്ന് ചിതറിത്തെറിച്ച സവാള വളവിനു താഴെ ഭാഗത്ത് ആകെ പരന്ന നിലയിലായിരുന്നു. പൊട്ടിയും പൊട്ടാതെയും കിടന്ന ചാക്കുകൾക്കു മുകളിലൂടെയായിരുന്നു രക്ഷാപ്രവർത്തനം. സമീപത്തെ വഴിയിലും ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തും പൂമുഖത്തുമെല്ലാം സവാള പരന്നു കിടന്നു.

വട്ടപ്പാറ: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിന് വീണ്ടും പഴി

വളാഞ്ചേരി ∙ വട്ടപ്പാറയിൽ വാഹനാപകടങ്ങൾ തുടരുന്നതിനു പ്രധാന കാരണം പ്രധാന വളവിലും അനുബന്ധ ഭാഗങ്ങളിലുമുള്ള ദേശീയപാതയുടെ അശാസ്ത്രീയ നിർമാണമാണെന്ന് വീണ്ടും ആരോപണം. എൻഎച്ച് 66ൽ ഏറ്റവും കൂടുതൽ അപകടസാധ്യതാ പ്രദേശമായി കണക്കാക്കുന്നത് കഞ്ഞിപ്പുര മുതൽ വട്ടപ്പാറ അടി വരെയുള്ള ഭാഗമാണ്. റോഡിലെ വെളിച്ചക്കുറവും സിഗ്നൽ വിളക്കുകളുടെ പോരായ്മകളും സൂചനാ ബോർഡുകളുടെ അപര്യാപ്തതയുമെല്ലാം അപകടങ്ങൾക്കു വഴിതെളിക്കുന്നുണ്ട്.

സിസിടിവി സംവിധാനമുണ്ടെങ്കിലും പ്രവർത്തനം ഗുണകരമല്ലെന്നും ആക്ഷേപമുണ്ട്. ഒരു മാസത്തിനിടെ വട്ടപ്പാറയിലുണ്ടായ അഞ്ചാമത്തെ അപകടമാണെങ്കിലും ഇന്നലെ 3 പേർ മരിച്ചെന്ന വാർത്ത പ്രദേശത്തെയാകെ വേദനയിലാക്കി. രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായി ഓടിയെത്തിയവരെല്ലാം ആദ്യ ഘട്ടത്തിൽ വെറും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നതും അവരുടെ സങ്കടമായി. കഴിഞ്ഞ 24ന് സിമന്റ് മിശ്രിതം കയറ്റി വന്ന ലോറി പ്രധാന വളവിൽ റോഡിനോടു ചേർന്നു മറി‍ഞ്ഞിരുന്നു. അന്ന് ലോറിയിലുണ്ടായിരുന്നവർ പരുക്കുകളോടെ രക്ഷപ്പെട്ടു. 25ന് വട്ടപ്പാറ അടിയിൽ 3 കാറുകൾ കൂട്ടിയിടിച്ച് വഴിയാത്രക്കാരൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു.

കഴിഞ്ഞ ആഴ്ച സിന്തറ്റിക് റബർ ഷീറ്റുകളുമായി പോയ ലോറി മറിഞ്ഞും 2 പേർക്കു പരുക്കേറ്റു. നിർമാണ കമ്പനിയുടെ റോഡ് റോളർ കഴിഞ്ഞ ദിവസമാണ് ലോറിയിൽ നിന്ന് പ്രധാന വളവിലേക്കു വീണത്. ഈ അപകടത്തിലും 3 പേർക്കു പരുക്കേറ്റു. ഇന്നലെ മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അപകടവിവരം അറിഞ്ഞു മണിക്കൂറിനകം തന്നെ ചാലക്കുടിയിൽനിന്നും മണ്ണാർക്കാട് നിന്നും വളാഞ്ചേരിയിലെത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മൃതശരീരങ്ങൾ കൊണ്ടു പോകുമ്പോഴും ഒട്ടേറെപ്പേർ അനുഗമിച്ചിരുന്നു.

ആദ്യം കേട്ടത് നിലവിളി ശബ്ദം; പിന്നീടതും നിലച്ചു

പി.ശിഹാബ്

വളാഞ്ചേരി ∙ ‘വലിയ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോൾ ലോറിക്കുള്ളിൽ നിന്ന് ഞരക്കങ്ങളും നിലവിളിയും കേട്ടു. ആദ്യം 2 കാലുകളാണ് കണ്ടത്. പിന്നാലെ മറ്റൊരാളുടെ ഒരു കാലും. മറുവശത്തു കൂടി ചെന്നപ്പോഴാണ് വേറൊരാളുകൂടിയുണ്ടെന്ന് മനസ്സിലായത്.’ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്കു മറിഞ്ഞ സ്ഥലത്തിനു സമീപം താമസിക്കുന്ന പൂളക്കത്തൊടി ശിഹാബിന്റെ വാക്കുകളാണ്. ഓട്ടോ ഡ്രൈവറായ ശിഹാബ് രാവിലെ പോകാനുള്ള ഒരുക്കത്തിനിടെയാണ് അപകടശബ്ദം കേട്ട് ഓടിച്ചെന്നത്. താഴ്ചയിലെ പൊട്ടക്കിണറിന്റെ കരയിലേക്കാണ് ലോറി വീണത്. കാബിനിൽ കുടുങ്ങിയവരെ രക്ഷിക്കാനായി രക്ഷാപ്രവർത്തകർ ആദ്യം കിണറ്റിലിറങ്ങി ശ്രമം നടത്തി നോക്കിയിരുന്നു. പക്ഷേ അപ്പോഴേക്കും ഞരക്കങ്ങളൊക്കെ അവസാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com