ADVERTISEMENT

മലപ്പുറം ∙ പരീക്ഷയുടെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടും കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ വിദ്യാർഥികൾക്ക് പഠിക്കാനുള്ള ഇംഗ്ലിഷ് പുസ്തകം പുറത്തിറങ്ങിയില്ല. രണ്ടാം സെമസ്റ്ററിലെ ഇംഗ്ലിഷ് കോമൺ പേപ്പറിലെ ‘റീഡിങ് ഓൺ കേരള’ എന്ന പാഠപുസ്തകമാണ് പരീക്ഷ തുടങ്ങാറായിട്ടും ലഭ്യമല്ലാത്തത്. നിലവിലുണ്ടായിരുന്ന പുസ്തകം മാറ്റാനുള്ള  തീരുമാനമെടുത്തിട്ട് 2 വർഷം കഴിഞ്ഞു. രണ്ടാം സെമസ്റ്റർ ക്ലാസുകൾ കഴിഞ്ഞ നവംബറിൽ ആരംഭിക്കുകയും ചെയ്തു. എന്നിട്ടും പുസ്തകം പുറത്തിറക്കാത്തതു ഗുരുതര അനാസ്ഥയാണെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു. ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്.

ബിരുദ പഠനത്തിന് രണ്ടാം സെമസ്റ്ററിൽ 2  ഇംഗ്ലിഷ് കോമൺ പേപ്പറുകളാണുള്ളത്. ഏറെ മുറവിളികൾക്കു ശേഷം രണ്ടാഴ്ച മുൻപാണ് ഇതിലൊന്ന് പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സിൻഡിക്കറ്റ് യോഗത്തിൽ പാഠപുസ്തകം ലഭ്യമല്ലാത്തതു ചർച്ചയായിരുന്നു. ഉടൻ പുസ്തകമെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നു വിസി ഉറപ്പു നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. പാഠപുസ്തകം തയാറാക്കി പുറത്തിറക്കേണ്ട ചുമതല ബോർഡ് ഓഫ് സ്റ്റഡീസിനാണ്. 

രണ്ടാം സെമസ്റ്റർ പരീക്ഷാ റജിസ്ട്രേഷൻ കഴിഞ്ഞ ദിവസമാണു തുടങ്ങിയത്. ഏപ്രിൽ 11 ആണ് അവസാന തീയതി. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31ന് മധ്യവേനലവധിക്ക് കോളജുകൾ അടയ്ക്കും. പുസ്തകം ഉടൻ ഇറങ്ങിയാലും ക്ലാസ് ആരംഭിക്കാൻ ജൂൺ വരെ കാത്തിരിക്കണം. ഇതിനാൽ രണ്ടാം സെമസ്റ്റർ പരീക്ഷ അനിശ്ചിതമായി നീളുമെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com