തിരൂർ ∙ വരിയിൽ നിൽക്കാതെ ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ് പരിഷ്കരിച്ച് പരമാവധി യാത്രക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. സാധാരണ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റുമെല്ലാം ഈ ആപ് വഴി പണമടച്ച് എടുക്കാം. ഇതുവഴി കൗണ്ടറുകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കാനാണ് റെയിൽവേയുടെ ശ്രമം.
മുൻപ് സ്റ്റേഷന്റെ 15 മീറ്റർ പരിധിക്കുള്ളിൽ ആപ് പ്രവർത്തിച്ചിരുന്നില്ല. ഈ പ്രശ്നവും പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റേഷനിൽ കയറിയാൽ അവിടെ ഒട്ടിച്ചിട്ടുള്ള ക്യുആർ കോഡ് വഴിയും ടിക്കറ്റെടുക്കാൻ സാധിക്കും. 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ രണ്ടരക്കോടി യാത്രക്കാരാണ് ആപ് ഉപയോഗിച്ചത്. 24.82 കോടി രൂപയുടെ വരുമാനവും ആപ് വഴിയുള്ള ടിക്കറ്റ് വിൽപനയിലൂടെ റെയിൽവേക്ക് ലഭിച്ചിട്ടുണ്ട്. ഈ ആപ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റുകൾ എടുക്കാൻ സാധിക്കില്ല.
പ്രവർത്തനം ഇങ്ങനെ
ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവയിൽ നിന്നെല്ലാം ആപ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ നൽകിയാൽ കിട്ടുന്ന ഒടിപി വഴി റജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് പേപ്പർ അല്ലെങ്കിൽ പേപ്പർലെസ് എന്ന ഓപ്ഷൻ നൽകുക. നോർമൽ ബുക്കിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് യാത്ര പുറപ്പെടുന്ന സ്റ്റേഷനും പോകേണ്ട സ്റ്റേഷനും നൽകിയ ശേഷം നെക്സ്റ്റ് അടിക്കുക.
യാത്രക്കാരുടെ എണ്ണവും ട്രെയിൻ ടൈപ്പും പേയ്മെന്റ് രീതിയും നൽകി ഗെറ്റ് ഫെയർ അടിച്ചാൽ ടിക്കറ്റ് തുക കാണിക്കും. ഈ പേജിൽ ബുക്ക് ടിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്ത് പണമടച്ചാൽ ടിക്കറ്റ് ലഭിക്കും. ഷോ ടിക്കറ്റ് എന്ന ഓപ്ഷൻ വഴി ടിക്കറ്റ് പരിശോധകർ ആവശ്യപ്പെട്ടാൽ കാണിക്കാവുന്നതാണ്. പേപ്പർ ടിക്കറ്റാണ് നൽകിയതെങ്കിൽ സ്റ്റേഷനിലുള്ള എടിവിഎം വഴിയോ കൗണ്ടറിൽ നിന്ന് ബുക്കിങ് ഐഡി വഴിയോ പ്രിന്റ് എടുക്കാം. പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റുമെല്ലാം ഇതേ രീതിയിലെടുക്കാം.
നിരക്ക് കൂടില്ല
ആപ് വഴി ടിക്കറ്റെടുക്കുമ്പോൾ കൗണ്ടറിൽ നൽകേണ്ട അതേ നിരക്ക് തന്നെയാണ് നൽകേണ്ടത്. യുപിഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചും ആർ വോലറ്റ് വഴിയും പണം നൽകാം. ആർ വാലറ്റ് റീചാർജ് ചെയ്താണ് ഉപയോഗിക്കേണ്ടത്. റീചാർജ് വോലറ്റിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി ഇതിലേക്ക് പണമടയ്ക്കാം. ഇതു വഴി റീചാർജ് ചെയ്യുമ്പോൾ 3 ശതമാനം ബോണസും ലഭിക്കും.