അകമ്പാടം ∙ കാട്ടുതീ പടർന്ന് ചാലിയാർ അളയ്ക്കൽ പൂളപൊയിലിൽ 40 ഏക്കർ റബർത്തോട്ടം കത്തിനശിച്ചു. 8 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.എടവണ്ണ പറമ്പൻ ഹമീദിന്റെ (കുഞ്ഞാപ്പ) തോട്ടമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടാപ്പിങ് തുടങ്ങി 4 വർഷമേ ആയിട്ടുള്ളു.
വേനൽ കടുത്തതിനാൽ ഒരാഴ്ച മുൻപ് ടാപ്പിങ് നിർത്തി. ആൾത്താമസമില്ല.മൂവായിരം വനമേഖലയിലാണ് തോട്ടം. കാട്ടുതീ പടർന്നുതുടങ്ങിയിട്ട് ഒരാഴ്ചയായി. തോട്ടത്തിലേക്ക് തീ പടരാതിരിക്കാൻ ചുറ്റും ഫയർ ലൈൻ നിർമിച്ചിട്ടുണ്ട്. കാറ്റിൽ തീപ്പൊരി പാറി വീണ് പടർന്നു പിടിച്ചതായാണ് കരുതുന്നത്. രാത്രിയായതിനാൽ ആരും അറിഞ്ഞില്ല.
നേരം പുലർന്ന ശേഷമാണ് വിവരം അറിഞ്ഞത്. 40 ഏക്കർ പൂർണമായി നശിച്ചു. റാട്ടപ്പുരയിൽ സൂക്ഷിച്ച 2 ടൺ ഒട്ടുപാലും നശിച്ചു. വനമേഖലയുടെ മൂന്നിലൊന്ന് അഗ്നിക്കിരയായി. ജീവജാലങ്ങൾ, ജൈവ സമ്പത്ത് എന്നിവയ്ക്ക് തിട്ടപ്പെടുത്താനാകാത്ത വിധം നാശം ഉണ്ട്.