എടപ്പാൾ ∙ കേന്ദ്ര സർക്കാർ പദ്ധതിയായ ജലജീവൻ മിഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ നന്നാക്കാത്തത് ദുരിതമാകുന്നു. അടുത്തിടെ ടാറിങ് – കോൺക്രീറ്റ് പൂർത്തീകരിച്ച റോഡുകൾ പോലും പൊളിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടുകയാണ് ചെയ്തത്. മഴയിൽ ഈ മണ്ണ് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടു.
പല റോഡുകളിലൂടെയും കാൽനടയായി പോലും സഞ്ചരിക്കാൻ കഴിയുന്നില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ ടയർ കുരുങ്ങുന്നന്നു. വീട്ടുപടിക്കൽ ശുദ്ധജലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും പ്രതിഷേധവുമായി രംഗത്തിറങ്ങാതിരുന്നത്. എന്നാൽ പല സ്ഥലങ്ങളിലും പൈപ്പിടൽ പോലും പൂർത്തീകരിച്ചിട്ടില്ല.
പ്രധാന ലൈനിന് സമീപത്തെ വീട്ടുകാർക്ക് മാത്രമാണ് വെള്ളം കിട്ടുന്നത്. ഉൾപ്രദേശങ്ങളിലെ വീട്ടുകാർക്ക് ഇപ്പോഴും ശുദ്ധജലം ലഭിച്ചുതുടങ്ങിയിട്ടില്ല. വേനൽ കടുത്തതോടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളം ശേഖരിക്കുന്നത്.
ഇതിന് പുറമേയാണ് സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന തലത്തിലേക്ക് എത്തിയത്. മാസങ്ങൾക്കുള്ളിൽ മഴക്കാലം ആരംഭിക്കും. ഇതോടെ ഈ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാകും. ഇതിന് മുൻപായി റോഡുകൾ നവീകരിച്ച് ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.