പോത്തുകല്ല് ∙ കവളപ്പാറയ്ക്ക് സമീപത്തെ ഇരുൾക്കുന്നിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂടി കിടക്കുന്നു. ചെറിയ തീപ്പൊരി വീണാൽ തീ ആളിപ്പടർന്ന് ജനവാസ കേന്ദ്രത്തിലെത്തും. ഇനിയും ദുരന്തം താങ്ങാനുള്ള ശേഷിയില്ലെന്നാണ് ഇരുൾക്കുന്ന് നിവാസികൾ പറയുന്നത്.ഉരുൾപ്പൊട്ടലിൽ 59 പേരുടെ ജീവൻ പൊലിഞ്ഞ കവളപ്പാറ മുത്തപ്പൻമലയുടെ മറുവശത്തുള്ള ഇരുൾക്കുന്നിലാണ് പഞ്ചായത്തിന്റെ മെറ്റീരിയൽ കലക്‌ഷൻ സെന്റർ.
ഇവിടെനിന്നു മാലിന്യം നിക്കംചെയ്തിട്ട് ഒരു വർഷത്തോളമായി. യാഡ് നിറഞ്ഞപ്പോൾ മാലിന്യം പുറത്തേക്കും കൂട്ടിയിടാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. 2019ലെ പ്രളയ മാലിന്യങ്ങളും നിക്കംചെയ്യാനാവാതെ ഇവിടെയുണ്ട്.കളപ്പാറത്തോട്ടിലേക്കുള്ള നീർച്ചാൽ ഒഴുകിയെത്തുന്നത് ഇവിടെ നിന്നാണ്.
ഒരു വശത്ത് വനവും മറ്റൊരു വശത്ത് ശ്മശാനവുമാണ്. ഏറെ അകലെയല്ലാതെ ജനവാസ കേന്ദ്രവുമുണ്ട്. എംസിഎഫ് സെന്റർ സ്ഥാപിക്കാനൊരുങ്ങുമ്പോൾ ശേഖരിക്കുന്ന മാലിന്യം പെട്ടെന്ന് കയറ്റിപ്പോകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കൊടും വേനലിൽ അപകട സാധ്യത നിലനിൽക്കുന്നതിനാൽ മാലിന്യം ഉടൻ നീക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.