തിരൂർ ∙ ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ മരുന്നുകൾ കുത്തിവച്ചതോടെ രോഗങ്ങൾ വന്ന് ശരീരം ക്ഷീണിച്ചെന്നു പരാതി. ട്രെയിനർ നൽകിയത് പന്തയക്കുതിരകൾക്ക് ഉന്മേഷം നൽകാനുള്ള മരുന്നും സ്തനാർബുദത്തിനുള്ള മരുന്നുമടക്കമുള്ളവ. ചങ്ങരംകുളം സ്വദേശി സന്തോഷാണ് പരാതിക്കാരൻ.
10 വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകാറുണ്ട്. ഗൾഫിൽ ട്രെയിനറുടെ ജോലിക്കുവേണ്ടി ശരീരസൗന്ദര്യം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ കണ്ടെത്തി. ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ ഇയാളാണ് പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചതായും പറയുന്നു.
ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ നൽകിയ പല മരുന്നുകളും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. സാധാരണ ആരോഗ്യമുള്ള മനുഷ്യർ കഴിക്കാൻ പാടില്ലാത്ത മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. ശരീരസൗന്ദര്യം വർധിപ്പിക്കാൻ ലഭിക്കുന്ന മരുന്നുകൾ ഡോക്ടറോടു കൂടി ചോദിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഡോ. പ്രസന്നകുമാർ (മെഡിക്കൽ ഓഫിസർ, തലക്കാട് കുടുംബാരോഗ്യകേന്ദ്രം)
8 മാസത്തിനിടെ 80,000 രൂപയുടെ മരുന്നുകളാണ് ഉപയോഗിച്ചത്. പലതരം രോഗങ്ങൾ വന്ന് ഡോക്ടറെ കണ്ടതോടെയാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്നു തിരിച്ചറിഞ്ഞത്. സ്തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകൾ യുവാവിനു നൽകിയതായി കണ്ടെത്തി. ഹൃദയാഘാതത്തിനുശേഷം നെഞ്ചിടിപ്പു കുറയ്ക്കാനുള്ള മരുന്ന്, നീർവീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോർമോൺ തെറപ്പിക്കുള്ള മരുന്ന് എന്നിവയും നൽകി.
പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ ഉൾപ്പെടെ ട്രെയിനറുടെ നിർദേശപ്രകാരം യുവാവ് കഴിച്ചു. ബോൾഡിനോൾ നിരോധിക്കപ്പെട്ടതാണ്. യുവാവിനു നൽകിയ മറ്റു പല മരുന്നുകളുടെയും കുപ്പിയിലെയും പെട്ടിയിലെയും പേരുകൾ മായ്ച്ചു കളഞ്ഞിട്ടുമുണ്ട്. യുവാവ് ട്രെയിനർക്കെതിരെ തിരൂർ ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്.