തിരൂരങ്ങാടി ∙ ഓപ്പറേഷൻ തിയറ്ററിലേക്ക് പോകുംമുൻപ് മെഡിക്കൽ സംഘത്തോടൊപ്പം ആംബുലൻസിൽ എത്തി പരീക്ഷയെഴുതി ഫഹീം. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി, ചെമ്മാട് സ്വദേശിയായ സി.പി.ഫഹീം മുസ്തഫയാണ് സർജറിക്കു തൊട്ടുമുൻപ് പരീക്ഷയ്ക്കായി എത്തിയത്.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫയുടെ മകനാണ്. തിങ്കളാഴ്ച രാത്രി വീട്ടിലെ ഗ്ലാസ് വാതിലിലേക്കു വീണാണ് കൈഞരമ്പ് മുറിഞ്ഞത്. ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ സർജറി നിർദേശിച്ചു. എന്നാൽ പരീക്ഷ എഴുതണമെന്നും അതിന് ശേഷം മതി ഓപ്പറേഷൻ എന്നും ഫഹീം ആവശ്യപ്പെടുകയായിരുന്നു. ഒരു ഡോക്ടറും സ്റ്റാഫ് നഴ്സും അടങ്ങുന്ന സംഘത്തോടൊപ്പം ആംബുലൻസിൽ സ്കൂളിലെത്തുകയായിരുന്നു. സ്കൂളിൽ പ്രത്യേക മുറി ഒരുക്കി. രാവിലെ 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ.
അക്കൗണ്ടിങ് ആയിരുന്നു വിഷയം. കൂട്ടുകാരൻ റോഷൻ കൃഷ്ണ സഹായിയായി പരീക്ഷ എഴുതി. വേദന അസഹ്യമായതിനെ തുടർന്ന് 11.30ന് മടങ്ങി. 12.30ന് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. രണ്ടരയോടെ ശസ്ത്രക്രിയ പൂർത്തിയായതായും ഫഹീം സുഖംപ്രാപിച്ചുവരുന്നതായും ബന്ധുക്കൾ അറിയിച്ചു.