കൊളത്തൂർ ∙ റമസാൻ മാസത്തെ വരവേൽക്കാൻ തണ്ണിമത്തൻ പാടങ്ങളിൽ വിളവെടുപ്പുത്സവം. ജില്ലയിൽ കുറുവ, മക്കരപ്പറമ്പ്, വേങ്ങര ഭാഗങ്ങളിലായി 75 ഏക്കറിൽ താഴെയായി വ്യാപിച്ചു കിടക്കുന്നതാണ് തണ്ണിമത്തൻ കൃഷി. കുറുവയിൽ കരിഞ്ചാപ്പാടി, പാങ്ങ്, പഴമള്ളൂർ ഭാഗങ്ങളിലും മക്കരപ്പറമ്പ് കാച്ചിനിക്കാടും വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ഏഴിനങ്ങളാണ് ഇത്തവണ ജില്ലയിലെ കൃഷിയിടങ്ങളിൽ നിന്ന് വിപണിയിലേക്ക് തയാറെടുക്കുന്നത്.
എന്നാൽ വലിയ ശ്രദ്ധ വേണ്ടതിനാലും നഷ്‌ട സാധ്യത ഉള്ളതിനാലും ചെലവു കൂടുമെന്നതിനാലും ഈ രംഗത്ത് കർഷകർ കുറവാണെന്ന് കരിഞ്ചാപ്പാടിയിലെ തണ്ണിമത്തൻ കർഷകനായ അമീർ ബാബു പറഞ്ഞു. പുറംതോട് പച്ചയും ഉള്ളിൽ മഞ്ഞയും കളറുള്ള ആരോഹി, പുറംമഞ്ഞയും ഉള്ള് ചുവപ്പുമുള്ള വിശാൽ, പുറം പച്ചയും ഉള്ള് ചുമപ്പുമുള്ള അപൂർവ, കൃഷ്‌ണ, കൊയ്‌ന ഇനങ്ങൾ, ഉള്ളിൽ ഓറഞ്ച് കളറുള്ള വൺവൺഫോർ, ജെന്നത്ത് തുടങ്ങിയവയാണ് വിളവെടുപ്പു നടക്കുന്നത്. കരിഞ്ചാപ്പാടിയിലെ യുവകർഷകരാണ് തണ്ണിമത്തൻ കൃഷിയെ താലോലിക്കുന്നത്. കരിഞ്ചാപ്പാടി പറത്തൊടി സെയ്‌ഫുല്ലയും അമീർബാബുവും ഈ രംഗത്ത് സജീവം.
എംഎസ്‌സി എംഫിൽ ബിരുദധാരിയായ സെയ്‌ഫുല്ലയ്‌ക്ക് ഇത്തവണ പാങ്ങിലും കാച്ചിനിക്കാടുമായി 15 ഏക്കറിൽ തണ്ണിമത്തൻ കൃഷിയുണ്ട്. കരിഞ്ചാപ്പാടിയിലെ പത്തേക്കർ സ്ഥലത്ത് അമീർബാബുവും തണ്ണിമത്തൻ കൃഷി ചെയ്‌തിട്ടുണ്ട്. ഉള്ളിൽ മഞ്ഞ കളറോടു കൂടിയ ആരോഹിക്കാണ് ആവശ്യക്കാർ കൂടുതൽ. കർഷകന് കിലോഗ്രാമിന് 12 മുതൽ 15 രൂപവരെയാണ് ഇപ്പോൾ വില ലഭിക്കുന്നത്. റമസാൻ ദിനങ്ങളിലേക്കെത്തുമ്പോൾ വില കൂടുമെന്ന പ്രതീക്ഷയുണ്ട്. റമസാൻ സീസണിൽ വിളവെടുക്കുന്ന വിധത്തിലാണ് ഇവിടെ തണ്ണിമത്തൻ കൃഷി.