പുലാമന്തോൾ∙ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ വഴിയിലിറക്കിയ ആന ഇടഞ്ഞു. ഇന്നലെ പുലാമന്തോൾ ചെമ്മലശ്ശേരി ആലമ്പാറയിലാണ് സംഭവം. തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനയെ വെയിൽ കുറഞ്ഞ ശേഷം യാത്ര തുടരാനായാണ് രാവിലെ പത്തോടെ ആലമ്പാറയിൽ ഇറക്കിയത്. സ്ഥലം ഉടമയുടെ അനുമതിയോടെ അടുത്തുള്ള പറമ്പിൽ തളച്ചു. എന്നാൽ വൈകിട്ട് മൂന്നിനുശേഷം ആനയെ തിരിച്ച് ലോറിയിൽ കയറ്റുന്നതിനായി പാപ്പാൻമാർ എത്തിയതോടെ ആനയുടെ മട്ടു മാറി. പാപ്പാൻമാരെ വിരട്ടിയകറ്റിയ ആന ആരെയും അടുക്കാൻ സമ്മതിച്ചില്ല.
നാട്ടുകാർ വിവരം നൽകിയതനുസരിച്ച് കൊളത്തൂർ പൊലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ഥലത്ത് ആളുകളും തടിച്ചുകൂടി. എലിഫെന്റ് സ്‌ക്വാഡ് എത്തിയ ശേഷം വൈകിട്ട് ആറോടെയാണ് ആനയെ അനുനയിപ്പിച്ച് ലോറിയിൽ കയറ്റാനായത്. പിന്നീട് ആനയെ കോഴിക്കോട്ടേക്കു കൊണ്ടുപോയി.