‘സമൂസപ്പടി’, നാടു കീഴടക്കിയ ത്രികോണ രുചി; സമൂസ കയറ്റിപ്പോകുന്ന നാടിന്റെ ചരിത്രം

 സമൂസപ്പടി തോട്ടക്കരയിലെ അബ്ദുൽ  കരീം സമൂസയുമായി.
സമൂസപ്പടി തോട്ടക്കരയിലെ അബ്ദുൽ കരീം സമൂസയുമായി.
SHARE

മലപ്പുറം ∙ നോമ്പുതുറയിലെ പതിവു വിഭവമാണ് സമൂസ. നാവിന്റെ എല്ലാ കോണിലും രുചിമേളം തീർക്കുന്ന ഈ ത്രികോണം തയാറാക്കാനുള്ള തിരക്കിലാണ് പഴമള്ളൂരിലെ സമൂസപ്പടി. നമ്മുടെ ജില്ലയിൽ മാത്രമല്ല കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലേക്കും സമൂസപ്പടിയിൽ നിന്ന് സമൂസ കയറ്റിപ്പോകുന്നു. നിലവിൽ എട്ടോളം യൂണിറ്റുകൾ പ്രദേശത്തു പ്രവർത്തിക്കുന്നുണ്ടെന്ന് കുറുവ പഞ്ചായത്തംഗവും സമൂസയുൾപ്പെടെയുള്ളവയുടെ മൊത്തവിതരണക്കാരനുമായ പി.ടി. യാസർ അറഫാത്ത് പറയുന്നു.

തൊണ്ണൂറോളം വാഹനങ്ങൾ എല്ലാ ദിവസവും സമൂസയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി സമൂസപ്പടിയിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. കുറുവ പഞ്ചായത്തിലെ പഴമള്ളൂരിൽ ഉൾപ്പെട്ട ഈ പ്രദേശത്തിനു സമൂസപ്പടി എന്ന പേരു വന്നതിനു പിന്നിലെ കഥയും യാസർ വിശദീകരിച്ചു.

‘ഏകദേശം 40 വർഷങ്ങൾക്കു മുൻപ് വരിക്കോടൻ കുഞ്ഞമ്മുവാണ് സമൂസയെന്ന വിഭവത്തെ നാട്ടുകാർക്ക് പരിചയപ്പെടുത്തിയത്. ഹൈദരാബാദിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. സമൂസ നിർമാണം അദ്ദേഹത്തിൽനിന്നു പഠിച്ചെടുത്ത നാട്ടുകാർ അതു തങ്ങളുടെ പ്രധാന തൊഴിൽ മേഖലയാക്കി മാറ്റി. ബസുകളിലൂടെയായിരുന്നു സമൂസ അന്നു മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. ബസുകൾ ഇവിടെയെത്തുമ്പോൾ സമൂസ നിറച്ച തകരടിന്നുകൾ അതിലേക്കു കയറ്റിവയ്ക്കും. സമൂസ കയറ്റാനുള്ള സ്റ്റോപ് എന്ന നിലയ്ക്ക് പിന്നീട് സമൂസപ്പടി എന്ന പേരിൽ സ്ഥലം അറിയപ്പെടുകയായിരുന്നു.’
ആദ്യകാലത്ത് സമൂസ മാത്രം നിർമിച്ചിരുന്ന യൂണിറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചപ്പാത്തി, പൊറോട്ട എന്നിങ്ങനെയുള്ള വിവിധ വിഭവങ്ങൾ മൊത്ത വിതരണത്തിനായി തയാറാക്കുന്ന യൂണിറ്റുകളാണുള്ളത്’ നോമ്പു കാലത്ത് സമൂസയ്ക്ക് ആവശ്യക്കാരേറും. അതിനനുസരിച്ച് യൂണിറ്റുകൾ ഉൽപാദനവും വർധിപ്പിക്കും. പകൽ പതിനൊന്നു മുതൽ നോമ്പുതുറയ്ക്കുള്ള സമൂസകൾ ഇവിടെനിന്നു കയറ്റിപ്പോകുന്നുണ്ട്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA