ADVERTISEMENT

കോട്ടയ്ക്കൽ ∙ ജോലിയെടുത്തും കടം വാങ്ങിയും പൊന്മള മാണൂർ കപ്പേക്കാടൻ ബീരാൻകുട്ടി പലപ്പോഴായി വാങ്ങിച്ചുകൂട്ടിയ ചരിത്രശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. മകൻ മുഹമ്മദലിയുടെ വീടിന്റെ മുകൾനിലയിൽ കൂടിക്കിടക്കുന്ന വസ്തുക്കൾക്കു കോടികളുടെ വിപണിമൂല്യമുണ്ട്. വീടിനോടു ചേർന്ന് ബീരാൻകുട്ടി ഒരുക്കിയ മ്യൂസിയത്തിലായിരുന്നു ദീർഘകാലം ഇവ സൂക്ഷിച്ചിരുന്നത്. വീട് പൊളിച്ചതോടെയാണ് സാധനങ്ങൾ മുഹമ്മദലിയുടെ വീട്ടിലേക്കു മാറ്റിയത്.

10 വർഷം മുൻപ് എഴുപത്തഞ്ചാമത്തെ വയസ്സിൽ മരിക്കുന്ന സമയത്ത് ബീരാൻകുട്ടി മകൻ മുഹമ്മദലിയെ അടുത്തുവിളിച്ചു പറഞ്ഞത് പട്ടിണി കിടക്കേണ്ടിവന്നാലും ഇവയൊന്നും വിൽക്കരുതെന്നാണ്. ജീവിതപ്രയാസങ്ങളുണ്ടെങ്കിലും പിതാവിനു കൊടുത്ത വാക്ക് ഇന്നും പാലിക്കുന്നു കൂലിപ്പണിക്കാരനായ മുഹമ്മദലി. എന്നാൽ, ഇവ വേണ്ടവിധം സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്ന സങ്കടമാണ് യുവാവിന്. പല സാധനങ്ങളും നിറംമങ്ങി കേടായിത്തുടങ്ങി.

ചെറുപ്പത്തിലേ പിതാവ് മരിച്ചതിനാൽ ഒന്നാം ക്ലാസിൽ പഠിത്തം നിർത്തിയ ബീരാൻകുട്ടി ജീവിക്കാനായി പല ജോലികൾ ചെയ്തു. പതിനെട്ടാമത്തെ വയസ്സിൽ അലുമിനിയം പാത്രങ്ങളുടെ വിൽപനയ്ക്കായി വയനാട്ടിൽ പോയതാണ് ജീവിതം മാറ്റിമറിച്ചത്. വ്യാപാരം പച്ചപിടിച്ചതോടെ ലഭിച്ച പണമെല്ലാം ഉപയോഗിച്ച് പുരാവസ്തുക്കൾ വാങ്ങി. ഇതോടെ കച്ചവടം നഷ്ടമായി. കടത്തിൽ മുങ്ങിയതിനാൽ സമ്പാദ്യമായുണ്ടായിരുന്ന പുരാവസ്തുക്കളെല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്കുപോന്നു. പിന്നീട്, തിരൂർ - മഞ്ചേരി സംസ്ഥാനപാതയോടു ചേർന്ന വീടിന്റെ ഒരു ഭാഗം പുരാവസ്തു മ്യൂസിയമാക്കി മാറ്റി. 

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇവയുടെ പ്രദർശനം നടത്തി. വീട്ടിൽ ദാരിദ്ര്യം കൊടുമ്പിരിക്കൊള്ളുമ്പോഴും കിട്ടിയ പണം കൊണ്ടു പുതിയ വസ്തുക്കൾ വാങ്ങി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കുവന്ന ഒമാൻ, ഖത്തർ വംശജരായ രണ്ടുപേർ ഇവയ്ക്കു കോടികൾ നൽകാമെന്നു പറഞ്ഞെങ്കിലും വിൽക്കാൻ ബീരാൻകുട്ടി തയാറായില്ല. മുഹമ്മദലിയോടും പലരും മോഹവില പറഞ്ഞെങ്കിലും പിതാവിനു നൽകിയ വാക്ക് മറന്നില്ല.ഇവ ഏറ്റെടുക്കാൻ അധികൃതർ തയാറായാൽ വിട്ടുനൽകാൻ മുഹമ്മദലി ഒരുക്കമാണ്.

മ്യൂസിയത്തിനായി കെട്ടിടം നിർമിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവന്നാൽ 4 സെന്റ് സ്ഥലം സൗജന്യമായി നൽകാനും തയാർ. എം.എ.ബേബി സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് ഇവയുടെ സംരക്ഷണത്തിനായി 25,000 രൂപ അനുവദിച്ചിരുന്നു. പിന്നീട്, അധികൃതരുടെ ഭാഗത്തുനിന്നു സഹായമൊന്നും ലഭിച്ചില്ലെന്ന് മുഹമ്മദലി പറയുന്നു.

ശേഖരത്തിൽ അപൂർവ വസ്തുക്കൾ

 തിമിംഗലത്തിന്റെ തലയോട്, താളിയോല ഗ്രന്ഥങ്ങൾ, കറൻസികൾ, 250ൽ പരം രാജ്യങ്ങളുടെ നാണയങ്ങൾ, നൂറിൽപരം രാജ്യങ്ങളുടെ തപാൽ സ്‌റ്റാംപ്, 1900 മുതലുള്ള തപാൽമുദ്രകളും കവറുകളും, 150 വർഷം പഴക്കമുള്ള ക്യാമറ, ശിലായുഗ ആയുധങ്ങൾ, 150 വർഷം പഴക്കമുള്ള നന്നങ്ങാടി, ഖുർആന്റെ 300 വർഷം പഴക്കമുള്ള കയ്യെഴുത്തുപ്രതി, നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു കരുതുന്ന ചൈനീസ് മൺഭരണികൾ, രാജാക്കൻമാർ ഉപയോഗിച്ച മഞ്ചൽ, മഹാകവി മോയിൻകുട്ടി വൈദ്യർ എഴുതിയ ബദർപാട്ടിന്റെ കയ്യെഴുത്തു പകർപ്പ്, ഒറ്റത്തടിയിൽ തീർത്ത 200 വർഷം പഴക്കമുള്ള മഞ്ചൽ, സാമൂതിരിയുടെ ഭരണകാലത്തെ ഏറ്റവും ചെറിയ നാണയം, 2 നൂറ്റാണ്ടു മുൻപുള്ള മരവീണ, ജർമൻ പെട്രോമാക്സ്, പറങ്കികളുടെ അച്ചടിയന്ത്രത്തിലെ അച്ചുകൾ, ക്ലിയോപാട്രയുടെ പുരാതന ചിത്രം തുടങ്ങി ഒട്ടേറെ വസ്തുക്കൾ ശേഖരത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com