തോടിന് ഭിത്തി കെട്ടുന്നത് സിപിഎം തടഞ്ഞു; റോഡ് നിർമാണം തടസ്സപ്പെടുത്തി യുഡിഎഫും

Mail This Article
തേഞ്ഞിപ്പലം ∙ പള്ളിക്കൽ പഞ്ചായത്തിൽ തോടിന്റെ അരികുഭിത്തി നിർമാണം സിപിഎം പരാതിയെ തുടർന്ന് മുടങ്ങിയതിനു പിന്നാലെ യുഡിഎഫ് അനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് നിർമാണം തടസ്സപ്പെട്ടു. യുഡിഎഫ് വാർഡായ 18ലെ വയക്കാറത്തുപടിയിൽ ജില്ലാ പഞ്ചായത്തിന്റെ 90 ലക്ഷം രൂപ ഉപയോഗിച്ച് തോടിന് അരികുഭിത്തി കെട്ടുന്ന പണിയാണ് സിപിഎം പരാതിയെ തുടർന്ന് 4 ദിവസമായി മുടങ്ങിയത്.എൽഡിഎഫ് വാർഡായ 17ൽ പയങ്ങരത്തൊടി– കോട്ടശേരി റോഡ് പള്ളിക്കൽ പഞ്ചായത്ത് അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്നതാണ് യുഡിഎഫ് അനുകൂലികൾ ഇന്നലെ തടഞ്ഞത്.
തോട്ടിലെ കയ്യേറ്റം ഒഴിപ്പിച്ച് വയക്കാറത്തുപടിയിൽ അരികുഭിത്തി കെട്ടണമെന്നാണ് സിപിഎം ആവശ്യം. വയക്കാറത്തുപടി തോടിന്റെ ഭാഗം തന്നെയാണ് നെടുങ്ങോട്ടുമാട്– ചെറുചോലക്കര കൈത്തോടെന്നും തോട്ടിലെ കയ്യേറ്റം ഒഴിപ്പിച്ച ശേഷം മതി അവിടെ റോഡ് നിർമാണമെന്നും ആണ് പ്രതിഷേധക്കാരായ യുഡിഎഫ് അനുകൂലികളുടെ നിലപാട്.ചോലശേരി അരുവിൽ ഭാഗത്ത് തോടിന്റെ വശം ചേർന്നാണ് റോഡ് നിർമാണമെന്നും തോട് കയ്യേറിയുള്ള പണികൾ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുമുണ്ട്. വയക്കാറത്തുപടി ഭാഗത്ത് തോടിന് റവന്യു രേഖ അനുസരിച്ച് 5 മീറ്ററിലേറെ വീതി വേണ്ടതാണ്.
3 മീറ്ററേ നിലവിൽ വീതിയുള്ളൂവെന്ന വസ്തുത റവന്യു അധികൃതർ പുറത്തു വിട്ടത് സിപിഎം പരാതിക്കാർക്ക് ബലം നൽകിയിരുന്നു. എന്നാൽ റോഡ് പണി നടക്കുന്ന ഭാഗത്തെ തോടിനും അതേ വീതി വേണ്ടതാണെന്നും അളന്നു തിട്ടപ്പെടുത്തി തോട് സംരക്ഷിച്ച ശേഷം റോഡ് പണി നടത്തിയാൽ മതിയെന്നുമാണ് യുഡിഎഫ് അനുകൂലികളായ പരാതിക്കാരുടെ നിലപാട്. അതേസമയം, 2 പദ്ധതികളും പൂർത്തിയാക്കാത്തപക്ഷം ഫണ്ട് ലാപ്സാകുമെന്നത് കണക്കിലെടുത്ത് ഇരു വിഭാഗക്കാരുമായി പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തുമെന്ന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി അറിയിച്ചു.