ADVERTISEMENT

നിലമ്പൂർ ∙ ചിത്രകാരനും ഗായകനും ആയ ഫൈസൽ കുപ്പായി ദോഹയിൽ കെട്ടിടം തകർന്ന് മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹം വരച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് സുഹൃത്തുക്കളുടെ മനസ്സിൽ ഓടിയെത്തിയത്. തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെടുത്ത പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനരികെ മുട്ടുകുത്തിയിരുന്ന് വിലപിക്കുന്ന ബാലികയുടെ ചിത്രം കഠിനഹൃദയരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഫെബ്രുവരി 28ന് ആണ് ചിത്രം പോസ്റ്റ് ചെയ്തത്. ഒരു മാസം തികയും മുൻപ് കെട്ടിടം തകർന്ന് ഫൈസലും സുഹൃത്തുക്കളും മരിച്ചത് സുഹൃത്തുക്കൾക്കു ഞെട്ടലായി.

faisel-kupayi
ഫൈസൽ കുപ്പായി വരച്ച് ഫെബ്രുവരി 28 ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം.

കലാകാരൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഏവർക്കും പ്രിയങ്കരനാണ് ഫൈസൽ. തന്റെ കഴിവുകൾ ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കാനാണ് എക്കാലവും ശ്രദ്ധിച്ചത്. ഫൈസലിന്റെ നേതൃത്വത്തിൽ  വാഹനത്തിൽ ചുറ്റിസഞ്ചരിച്ച് ഗാനമേള നടത്തി ധനസമാഹരണം നടത്തി ഒട്ടേറെ രോഗികൾക്ക് ചികിത്സാസഹായം നൽകിയിട്ടുണ്ട്. 2 വർഷം മുൻപ് നഗരസഭ നടത്തിയ ഭിന്നശേഷിക്കാരുടെ സംഗമത്തിലും പരിപാടി അവതരിപ്പിച്ചിരുന്നു.

8 വർഷത്തോളം ജിദ്ദയിലായിരുന്ന ഫൈസൽ 4 വർഷം മുൻപാണ് ദോഹയിലെത്തിയത്. അവിടെയും കലാസാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായി. സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിന്നു.9 മാസം മുൻപ് നാട്ടിൽ വന്നു മടങ്ങിയതാണ്. പെരുന്നാളിന് വീണ്ടും വരാനിരിക്കയായിരുന്നു. വല്ലപ്പുഴ പൂളപ്പറമ്പിൽ വീടുനിർമാണം അവസാന ഘട്ടത്തിലാണ്.ദോഹയിൽ ഫൈസലും കൂട്ടുകാരും താമസിച്ച  ബഹുനിലക്കെട്ടിടം പഴക്കമുള്ളതാണ്. ബലക്ഷയം പരിഹരിക്കാൻ നിർമാണം നടത്തുന്നതിനിടയിലാണ് തകർന്നതെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. 

ദിവസവും രാവിലെ ഫൈസൽ ഭാര്യയെയും അനുജൻ ഹാരിസിനെയും ഫോണിൽ വിളിക്കുന്ന പതിവുണ്ട്. 22 ന് രാവിലെ വിളിച്ചില്ല. അങ്ങോട്ടു വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ഹാരിസ് ദോഹയിലെ ബന്ധുവിനെ വിളിച്ചപ്പാേഴാണ് അപകടം സംഭവിച്ചത് അറിഞ്ഞത്. കഴിഞ്ഞ ദിവസം അർധരാത്രി മൃതദേഹം കണ്ടെടുത്ത വിവരം എത്തി. അകാലവിയോഗം അറിഞ്ഞതു മുതൽ ചന്തക്കുന്ന് ചാരംകുളത്ത് തറവാട്ടുവീട്ടിൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ സന്ദർശക പ്രവാഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com