ADVERTISEMENT

കൊണ്ടോട്ടി ∙ ക്രീസിലെ ചക്രക്കസേരയുടെ ബലത്തിൽ, ഇരുകൈകളിലേക്കും ശക്തിയാവാഹിച്ചുള്ള ബാറ്റിങ്. ഉയർന്നു പറക്കുന്ന പന്ത് കൈപ്പിടിയിൽ ഒതുക്കാനും ഉരുണ്ടുനീങ്ങുന്നവ കസേരയുടെ ചക്രങ്ങൾകൊണ്ട് തടഞ്ഞിടാനും വീൽചെയറുകളിൽ ‘പറന്നു നടക്കുന്ന’ ഫീൽഡർമാർ. വീഴാതിരിക്കാൻ വീൽചെയറുമായി ബെൽറ്റ് കോർത്ത്, വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിയുന്ന ബോളർ.

മലപ്പുറം കോട്ടപ്പടി സ്വദേശി ജിതിൻ ബാറ്റ് ചെയ്യുമ്പോൾ, പ്രോത്സാഹിപ്പിക്കുന്ന മറ്റു താരങ്ങളായ അൻസാർ, ഷാഫി, അനീസ്, ഉമ്മർ, ഗോകുൽ എന്നിവർ.
മലപ്പുറം കോട്ടപ്പടി സ്വദേശി ജിതിൻ ബാറ്റ് ചെയ്യുമ്പോൾ, പ്രോത്സാഹിപ്പിക്കുന്ന മറ്റു താരങ്ങളായ അൻസാർ, ഷാഫി, അനീസ്, ഉമ്മർ, ഗോകുൽ എന്നിവർ.

കഴിഞ്ഞ ദിവസം, കേരളവും തമിഴ്നാടും തമ്മിലുള്ള വീൽചെയർ ക്രിക്കറ്റ് മത്സരം നടന്ന പുളിക്കൽ ജാമിഅ സലഫിയ മൈതാനത്തു കണ്ടത് ആത്മവിശ്വാസം നിറഞ്ഞ പിച്ചിലെ വേറിട്ട പോരാട്ടം. കേരളത്തിൽ വീൽചെയർ ക്രിക്കറ്റ് ടീമിനു രൂപംകൊടുത്തിട്ട് 8 മാസം ആയിട്ടേയുള്ളൂ. സംസ്ഥാനങ്ങൾ തമ്മിലുള്ള രണ്ടാമത്തെ മത്സരമായിരുന്നു പുളിക്കലിൽ നടന്നത്. സൗത്ത് ഇന്ത്യൻ, ദേശീയ വീൽചെയർ ക്രിക്കറ്റ് മത്സരങ്ങൾ അടുത്തു വരുന്നുണ്ട്.

അതിനു മുന്നോടിയായാണ് തമിഴ്നാടും കേരളവും 3 കളികളുടെ സൗഹൃദ പരമ്പര വച്ചത്. രണ്ടു ദിവസമായി നടന്ന 3 മത്സരത്തിലും കേരളം പരാജയപ്പെട്ടു. എന്നാൽ ടീം ഏറെ മെച്ചപ്പെട്ടെന്ന സന്തോഷത്തിലാണ് ടീം മാനേജ്മെന്റ് ആയ പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ. പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ആണു മത്സരത്തിനു ചുക്കാൻ പിടിച്ചത്.

ഇരുത്തിക്കളഞ്ഞത് അപകടങ്ങൾ

എടവണ്ണപ്പാറ മുണ്ടക്കൽ സ്വദേശിയായ ഉമ്മറിന്റെ (37) ജീവിതം ചക്രക്കസേരയിലേക്കു മാറിയത് 10 വർഷം മുൻപാണ്. 2012 നവംബർ ഏഴിനു സിമന്റ് തേപ്പുപണിക്കിടെ കെട്ടിടത്തിൽനിന്നു വീണു. മലപ്പുറം കോട്ടപ്പടി സ്വദേശിയായ ജിതിൻ (30) ഫാഷൻ ഡിസൈനറായിരുന്നു. ടൂറിസ്റ്റ് ബസിന്റെ വശത്തുണ്ടായിരുന്ന ലഗേജ് ബോക്സിന്റെ ഡോർ വന്നിടിച്ചത് ജിതിന്റെ നട്ടെല്ലിനായിരുന്നു. 10 വർഷം മുൻപ് പുലർച്ചെ ക്ഷേത്രത്തിലേക്കു നടന്നുപോകുമ്പോൾ ആയിരുന്നു അപകടം.

അരീക്കോട് കല്ലരട്ടിക്കൽ സ്വദേശിയായ ഗോകുൽ (28) ആദ്യ കളിയിൽ 33 പന്തിൽ 66 റൺസ് എടുത്തു തിളങ്ങി. 2012 ഏപ്രിൽ ആറിനു ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഗോകുലിനു കാൽ നഷ്ടപ്പെട്ടത്. അന്നു ബിരുദ വിദ്യാർഥിയായിരുന്ന ഗോകുൽ പിന്നീട് ബിരുദം പൂർത്തിയാക്കി. ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചാണ് ഓട്ടോയിലുണ്ടായിരുന്ന ഐക്കരപ്പടി സ്വദേശി അനീസിന്റെ അരയ്ക്കു താഴെ തളർന്നത്.

സർക്കാർ സഹായം വേണം

മാസങ്ങൾക്കു മുൻപ് ഒഡീഷയിലെ മത്സരത്തിനു പോയത് ട്രെയിനിലാണ്. 35,000 രൂപ യാത്രയ്ക്കു മാത്രം ചെലവു വന്നതായി ക്യാപ്റ്റൻ ഉമ്മർ പറഞ്ഞു. കേരള ടീമിന് ദിവ്യാംഗ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഓഫ് ഇന്ത്യയുടെ അഫിലിയേഷൻ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം വേണമെന്നും ഇത്തരം മത്സരങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ബഷീർ കെ.മുഹമ്മദ് മമ്പുറം, സിഇഒ ഡോ.ടി.മുഹമ്മദ് ഷാനിൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com