ഇന്ന് ലോക നാടക ദിനം; നാടകത്തിലെ വെളിച്ചം ജീവിതത്തിലും

world-theater-day
SHARE

കോട്ടയ്ക്കൽ ∙ വെളിച്ചത്തോടുള്ള താൽപര്യവും ഇരുട്ടിനോടുള്ള ഭയവുമാണ് അലി പറവന്നൂരിനെ നാടക ലോകത്തെത്തിച്ചത്.  കെ.ടി.മുഹമ്മദ്, ഇബ്രാഹിം വെങ്ങര തുടങ്ങിയ ആചാര്യൻമാരുടെ നാടകങ്ങളിലെല്ലാം ദീപ സംവിധാനം (വെളിച്ച നിയന്ത്രണം ) നിർവഹിച്ച അലി മേഖലയിൽ വേറിട്ട പാത വെട്ടിത്തുറന്ന കലാകാരനാണ്.5 വയസ്സിൽ മാതാപിതാക്കളെ നഷ്ടമായ ബാലന്റെ കണ്ണിൽ പിന്നീട് കൂരിരുട്ടായിരുന്നു. അതുകൊണ്ടു തന്നെ വെളിച്ചത്തെ അന്ധമായി പ്രണയിച്ചു. മിന്നാമിനുങ്ങിനെ കുപ്പിയിലാക്കി കളർ പേപ്പർ ഒട്ടിച്ചപ്പോൾ അതിലൂടെ കണ്ട വിസ്മയലോകം നാടകരംഗത്തേക്കുള്ള ചവിട്ടുപടിയായി. പത്താംക്ലാസ് പഠനത്തിനുശേഷം എസി മെക്കാനിക്ക് കോഴ്സിനു ചേർന്നെങ്കിലും ജോലി തുടങ്ങിയത് ഇലക്ട്രീഷ്യനായാണ്. വളാഞ്ചേരിയിൽ വച്ച് പി.ജെ.ആന്റണിയുടെ "കാളരാത്രി" കണ്ടപ്പോഴാണ് നാടകത്തിൽ വെളിച്ചത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞത്.

പിന്നീട്, എം.ആർ.രാധ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു , കുഞ്ഞാണ്ടി തുടങ്ങിയവരുടെ എണ്ണമറ്റ നാടകങ്ങൾ കണ്ടു ദീപ സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ പഠിച്ചു. നാട്ടിലെ സഹൃദയർ ചേർന്നു 1980ൽ മരട് രഘുനാഥിന്റെ "ഹിപ്പോക്രസി" എന്ന നാടകം രംഗത്തവതരിപ്പിച്ചപ്പോൾ ദീപ സംവിധാനം നിർവഹിച്ച് അമച്വർ രംഗത്തെത്തി. തുടർന്ന് സുരേന്ദ്രൻ പരപ്പനങ്ങാടി, ഷുക്കൂർ കെ.പുരം, എം.എം. ചെമ്പ്ര, എം.എം.കുട്ടി, കോട്ടയ്ക്കൽ മുരളി, വാരിയർ മോഹനൻ, ടിയാർസി തുടങ്ങിയവരുടെ നാടകങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു. 

സ്നേഹിതനായ ജമാൽ കടവത്ത് വഴിയാണ് കെ.ടി.മുഹമ്മദിനെ പരിചയപ്പെടുന്നത്. കോഴിക്കോട് ചിരന്തനയ്ക്കുവേണ്ടി അദ്ദേഹം ചെയ്ത "തീക്കന"ലിലൂടെ പ്രഫഷനൽ മേഖലയിലുമെത്തി. സെറ്റുകൾക്കുപകരം വിളക്കുകൾ ഉപയോഗിച്ച് നിഴൽ കാണിക്കുന്ന രീതി നാടകത്തിൽ ആദ്യമായി പ്രയോഗിച്ചത് അലി ഈ നാടകത്തിലൂടെയാണ്. 5 അവാർഡുകൾ "തീക്കനലി"ന് ലഭിച്ചതിൽ അലിയുടെ ദീപവിന്യാസത്തിനും വലിയ പങ്കുണ്ടായിരുന്നു. പിന്നീട്, മുരുകൻ ഗുരുവായൂർ, ശശിനാരായണൻ എന്നിവരുടെ നാടകങ്ങൾ, കോട്ടയ്ക്കൽ മുരളിയുടെ "പെരുന്തീ" തുടങ്ങിയവ. ഇതിനിടെ ഗുരുവായി അലി കാണുന്ന ഇബ്രാഹിം വെങ്ങരയെ പരിചയപ്പെട്ടതാണ് ജീവിതത്തിലെ വഴിത്തിരിവ്. അദ്ദേഹത്തിന്റെ "പകിട പന്ത്രണ്ട്", "രാജ്യസഭ", "കുഞ്ചൻ നമ്പ്യാർ" എന്നീ  നാടകങ്ങളിൽ പ്രവർത്തിച്ചതോടെ തിരക്കേറി. 

"രാജ്യസഭ"യിലെ ക്ലൈമാക്സിലുള്ള അസ്തമയ രംഗം പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടി നേടിക്കൊടുത്തു. വിജയൻ നയാടത്തിലിന്റെ നാടകം, വടകര വരദയുടെ സിന്ദൂരപ്പൂവ്, ഇടശേരി നാടക അരങ്ങിന്റെ നാടകങ്ങൾ തുടങ്ങിയവയിലും സഹകരിച്ചു.ജോസ് ചിറമ്മൽ എന്ന നാടകരംഗത്തെ അതികായന്റെ ഉപദേശ, നിർദേശങ്ങൾ കൂടുതൽ ഊർജമേകി., അതോടൊപ്പം കുടുംബത്തിന്റെ പിന്തുണയും.

ഇതിനിടെ വിദേശത്തു പോയ അലി 5 വർഷം മുൻപാണ് തിരിച്ചെത്തിയത്. സ്‌റ്റേജ് ഷോകളിലും മറ്റും ഉപയോഗിക്കുന്ന വിളക്കുകൾ വഴി അനാവശ്യവും ക്രിത്രിമവുമായ നിറങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ രീതിയോട് യോജിക്കാൻ തയാറല്ല അലി. എന്നാൽ, തനത് ശൈലിയിലൂടെ നാടകമേഖലയിൽ ഇനിയും സജീവമായി നിൽക്കണം എന്നു തന്നെയാണ് ഈ അറുപത്തിമൂന്നുകാരന്റെ ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA