ADVERTISEMENT

മലപ്പുറം ∙ കോഡൂരിലെ പ്രായം ചെന്നൊരു കർഷകൻ 4 ദിവസം മുൻപ് സമീപത്തെ അക്ഷയ സെന്ററിലെത്തിയത് 3 പേരുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനായാണ്. സംസാരവെല്ലുവിളി നേരിടുന്ന ഭാര്യയുടെയും വിധവയായ മകളുടെയും പാനും ആധാറുമാണ് ഒപ്പമുണ്ടായിരുന്നത്. സാങ്കേതികത്തകരാറുമൂലം അന്ന് ലിങ്ക് ചെയ്യാനായില്ല.  ഇന്നലെ വീണ്ടും ശ്രമിച്ചപ്പോൾ വിജയമായി. പക്ഷേ, 3 തരം പെൻഷനുകളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന 3 പേർക്കും കൂടി 3000 രൂപയാണ് ഫൈൻ അടച്ചത്.പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 വരെ നീട്ടിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പലരും അനുഭവിച്ച പ്രയാസങ്ങളുടെ ഏകദേശ ചിത്രമുണ്ട് ഇവരുടെ അനുഭവത്തിൽ. അവസാന തീയതി മാർച്ച് 31 ആണെന്ന വാർത്തകൾ വന്നതോടെ ആളുകൾ അക്ഷയ സെന്ററുകളിലേക്ക് ആശങ്കയോടെ എത്തി.

എന്നാൽ സാങ്കേതിക തകരാർ കാരണം ഏറെ നേരം കാത്തുനിന്ന് മടങ്ങേണ്ട അവസ്ഥയായിരുന്നു പലർക്കും. കഴിഞ്ഞ ദിവസം ഉച്ചമുതൽ ഇന്നലെ ഉച്ചയ്ക്ക് 12 വരെ ലിങ്കിങ് ജോലി നടന്നതേയില്ലെന്ന്  അക്ഷയ സെന്റർ ഉടമകൾ പറയുന്നു. ഇതിനു പുറമേ 1000 രൂപ ഫൈനിനെച്ചൊല്ലിയും ചിലയിടത്ത് വാക്കുതർക്കങ്ങളുണ്ടായി. പ്രായം ചെന്നവരാണ് ഇപ്പോൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനെത്തുന്നത്. പെൻഷൻ വാങ്ങുന്നതിനും മറ്റുമൊക്കെയായി അക്കൗണ്ട് തുടങ്ങിയപ്പോൾ മറ്റു രേഖകൾ പ്രകാരം പാൻ കാർഡ് എടുത്തവരാണ് കൂടുതൽ പേരും. എന്നാൽ ഇതു ലിങ്ക് ചെയ്യുന്നതിന്റെ ഗൗരവമറിയാതെ വിട്ടുപോയതാണ് പലരും. 

നാസർ കോഡൂർ, സംസ്ഥാന ജനറൽ സെക്രട്ടറി,സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ

കഴിഞ്ഞ ദിവസങ്ങളിൽ പാൻ കാർഡ് ലിങ്ക് ചെയ്യാനെത്തിയ ഒരുപാട് പേർക്ക് സർവർ തകരാറു മൂലം മടങ്ങിപ്പോകേണ്ടി വന്നു. രാവിലെ വന്ന് വൈകിട്ടു വരെ കാത്തിരുന്നവരുമുണ്ട്. ഒരേ സമയം കൂടുതൽ പേർ ഉപയോഗിക്കുന്നതു കൊണ്ടാകാം പ്രശ്നമുണ്ടായതെന്നാണ് കരുതുന്നത്. ആശങ്ക മൂലം പുതുതായി പാൻ കാർഡ് എടുക്കാനും കൂടുതൽ പേർ വരുന്നുണ്ട്. അവർക്ക് ആധാർ ഉപയോഗിച്ചു തന്നെയാണ്  പാൻ കാർഡ് എടുക്കുന്നത് എന്നത് കൊണ്ട് പ്രത്യേകം ലിങ്ക് ചെയ്യേണ്ട കാര്യമില്ല. ഫൈനും വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com