പെരിന്തൽമണ്ണ ∙ അനധികൃതമായി സ്‌ഫോടക വസ്‌തുക്കൾ കൈവശം വച്ചതിന് തമിഴ്നാട് സ്വദേശി പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. സേലം കൊങ്കരപ്പട്ടി സ്വദേശി കാശി വെങ്കിടാചലത്തെ (36) ആണ് സിഐ സി.അലവി, എസ്‌ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.
ജില്ലയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും മറ്റും സ്‌ഫോടക വസ്‌തുക്കൾ എത്തിച്ച് അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ക്വാറികളിലും കിണറുകളിലും മറ്റും പാറ പൊട്ടിക്കുന്നതിനായാണ് ഇവ സൂക്ഷിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പട്ടാമ്പി റോഡിലെ ചോലോംകുന്ന് വച്ച് ഇയാൾ പിടിയിലായത്. ജലറ്റിൻ സ്‌റ്റിക്കുകൾ, ഡിറ്റനേറ്റർ, ഫ്യൂസ് വയറുകൾ എന്നിവ പിടിച്ചെടുത്തു.
ഒരാഴ്‌ച മുൻപ് അങ്ങാടിപ്പുറത്തെ വാടക ക്വാർട്ടേഴ്‌സിൽ നിന്നും സമാന രീതിയിൽ സ്ഫോടക വസ്‌തുക്കളുമായി സേലം സ്വദേശിയെ പിടികൂടിയിരുന്നു. സിവിൽ പൊലീസ് ഓഫിസർ ജയേഷ്, പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.